മലപ്പുറം: പെൻഷൻ വർധനവിനായി കാത്തിരിക്കുകയാണ് അർബുദത്താൽ പ്രയാസത്തിലായ പാവപ്പെട്ട രോഗികൾ. നിലവിൽ അർബുദ രോഗികൾക്ക് പ്രതിമാസം 1000 രൂപയാണ് സർക്കാർ ധനസഹായം നൽകുന്നത്.
10 വർഷം മുമ്പ് 2014ൽ ക്ഷേമ പെൻഷൻ 600 രൂപ ആയിരുന്ന കാലത്താണ് ഇത് 1000 ആക്കിയത്. രോഗികളുടെ തീരാദുരിതം കണക്കിലെടുത്ത് ക്ഷേമപെൻഷന്റെ ഇരട്ടിയോളമായിരുന്നു അക്കാലയളവിലെ കാൻസർ പെൻഷൻ. എന്നാൽ, ക്ഷേമ പെൻഷൻ 1600 രൂപ ആക്കിയിട്ടും കാൻസർ പെൻഷൻ വർധിപ്പിച്ചിട്ടില്ല.
ജില്ലയിൽ നിലവിൽ കാൻസർ പെൻഷൻ വാങ്ങുന്നത് 3174 രോഗികളാണെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. 596 രോഗികളുള്ള തിരൂർ താലൂക്കിലാണ് കൂടുതൽ. നിലമ്പൂരിൽ 459, ഏറനാട് 405, തിരൂരങ്ങാടി 400, പെരിന്തൽമണ്ണ 458, പൊന്നാനി 526, കൊണ്ടോട്ടി 330 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാ കാൻസർ രോഗികൾക്കും പെൻഷന് അർഹതയുണ്ട്. സാമൂഹികക്ഷേമ പെൻഷൻ വാങ്ങുന്നവർക്കും കാൻസർ പെൻഷൻ ലഭിക്കും.
സർക്കാർ മെഡിക്കൽ കോളജ് ഉൾപ്പടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഏതെങ്കിലും മെഡിക്കൽ ഓഫിസർമാർ ഫോറം നമ്പർ 10ൽ നൽകുന്ന സാക്ഷ്യപത്രവും റേഷൻ കാർഡും ബാങ്ക് പാസ്ബുക്കും ആധാറും സഹിതം ഓൺലൈനായി തഹസിൽദാർമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയെക്കുറിച്ച അറിവില്ലായ്മ മൂലം അധികമാരും അപേക്ഷ സമർപ്പിക്കാറില്ല. ഏറനാട് താലൂക്കിൽ മേയ് വരെ ലഭിച്ച അപേക്ഷകളിലും തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിൽ ജൂലൈ വരെ ലഭിച്ച അപേക്ഷകളിലും നിലമ്പൂർ, തിരൂർ, പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളിൽ ആഗസ്റ്റ് വരെയുള്ള അപേക്ഷകളിലും പെൻഷൻ നൽകിയിട്ടുണ്ട്.
നിലമ്പൂരിൽ 40 അപേക്ഷകളും ഏറനാട് താലൂക്കിൽ 23 അപേക്ഷകളും തീർപ്പാക്കാനുണ്ടെന്നും കോഡൂർ ഒറ്റത്തറ സ്വദേശി മച്ചിങ്ങൽ മുഹമ്മദിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. അർബുദ രോഗികൾക്ക് നൽകുന്ന പ്രതിമാസ പെൻഷൻ വർധിപ്പിക്കുന്ന കാര്യം സൂചിപ്പിച്ച് നൽകിയ വിവരാവകാശ രേഖയിൽ വർധനകാര്യം പരിഗണനയിലുണ്ടെന്ന് മറുപടി കിട്ടിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.