ഫുട്ബാൾ താരങ്ങളുടെയും ആരാധകരുടെയും വിശകലനം നടത്തുന്നവരുടെയും നാടായ അരീക്കോട് നിന്നും ഐ.പി.എസിന്‍റെ വഴിയിലേക്കുള്ള ഫറാഷിന്‍റെ യാത്ര യാദൃശ്ചികമായിരുന്നില്ല. കൃത്യമായ ലക്ഷ്യേബാധത്തോടെയും ആത്മാർത്ഥമായ പരിശ്രമത്തിന്‍റെയും ഫലമായിട്ടായിരുന്നു രാജ്യത്തെ സുപ്രധാന പരീക്ഷയിൽ നേട്ടം സാധിക്കാനായത്. അരീക്കോട് തൊടുകര സ്വദേശിയായ ടി. ഫറാഷിന് 2019ലാണ് സിവിൽ സർവിസ് ലഭിക്കുന്നത്. മൂന്നാമത്തെ ശ്രമത്തിലാണ് 421 ാം റാങ്ക് നേടി സിവിൽ സർവിസിന്‍റെ ഭാഗമാകുന്നത്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ്ങിന് പഠനത്തിനിടെയാണ് സിവിൽ സർവിസിനോട് ആഗ്രഹം ജനിക്കുന്നത്. നിരന്തരമായ പരിശ്രമവും തിരുവനന്തപുരത്തെ സർക്കാർ അക്കാദമിയിലെ പരിശീലനത്തിലൂടെയാണ് രാജ്യത്തെ പ്രധാന പരീക്ഷ വിജയിക്കാൻ ഫറാഷിന് സാധിച്ചത്.
അരീക്കോട് യു.പി സ്കൂൾ, വാഴക്കാട് ടെക്നിക്കൽ സ്കൂൾ, അരീക്കോട് ഓറിയന്‍റൽ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഒന്ന് മുതൽ പ്ലസ് ടു വരെ. കേരള കാഡറിൽ ഐ.പി.എസ് ലഭിച്ച ഫറാഷ് നിലവിൽ തിരുവനന്തപുരം നെയ്യാറ്റിൻകര എ.എസ്.പിയാണ്. ഹൈദരാബാദ് പൊലീസ് അക്കാദമിയിലെയും ആലപ്പുഴയിൽ എ.എസ്.പിയായുമുള്ള പരിശീലനം പൂർത്തിയാക്കിയ ശേഷം ഈ മാസമാണ് സ്വതന്ത്ര ചുമതല ലഭിക്കുന്നത്. റിട്ട. എ.ഇ.ഒ ഇസ്മായിൽ ശരീഫിന്‍റെയും ഓമാനൂർ എ.എം.എൽ.പി സ്കൂൾ അധ്യാപിക ത്വയിബ്ബയുടെയും മകനാണ്. ഫിൽദ, ഫദീൻ എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.