മലപ്പുറം: ജില്ലയിൽ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഏപ്രിൽ മുതൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ (പൗരസഹായ കേന്ദ്രം) ആരംഭിച്ചേക്കും. തദ്ദേശ വകുപ്പ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി പത്തിനകം ആരംഭിക്കാനായിരുന്നു വകുപ്പ് നിർദേശം. എന്നാൽ, സാങ്കേതിക തടസ്സങ്ങൾ പദ്ധതി നീളാൻ കാരണമായി. ചില ഗ്രാമപഞ്ചായത്തുകൾ പദ്ധതിക്ക് തുടക്കമിട്ടുണ്ട്. ബാക്കി കേന്ദ്രങ്ങളിൽ കൂടി പദ്ധതി നടപ്പാക്കി ജില്ലയിൽ മാർച്ച് അവസാനത്തോടെ 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. നഗരസഭകളിൽ അടുത്തഘട്ടത്തിലാകും പൗരസഹായ കേന്ദ്രങ്ങൾ ആരംഭിക്കുക.
ജനങ്ങൾക്ക് സേവനങ്ങൾ, വിവരങ്ങൾ, സഹായങ്ങൾ എന്നിവ ലഭ്യമാക്കാൻ ‘ഒപ്പമുണ്ട് ഉറപ്പാണ്’ പേരിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫിസിനോട് ചേർന്നാണ് ഇവ പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ കൂടാതെ വിവിധ വകുപ്പുകളിൽനിന്നും ഏജൻസികളിൽനിന്നും ലഭിക്കുന്ന എല്ലാ കാര്യങ്ങളും കേന്ദ്രത്തിൽനിന്ന് ജനങ്ങൾക്ക് നൽകും. കുടുംബശ്രീ ഹെൽപ്പ് ഡെസ്കുകളുള്ള ഗ്രാമപഞ്ചായത്തുകളിൽ ഈ സംവിധാനം ഉപയോഗപ്പെടുത്തിയോ അല്ലാത്ത ഗ്രാമപഞ്ചായത്തുകളിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ പ്രയോജനപ്പെടുത്തിയോ കേന്ദ്രം പ്രവർത്തിക്കും.
ടെക്നിക്കൽ അസിസ്റ്റന്റ് ഇല്ലാത്ത ഇടങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനത്തിന് ദിവസവേതനാടിസ്ഥാനത്തിൽ എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവരെ നിയമിക്കേണ്ടി വരും. ഇവിടെ നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ മുഖേന നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിവ് വേണം. എല്ലാ വകുപ്പുകളും ഏജൻസികളും പൊതുജനങ്ങൾ അറിയേണ്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുമ്പോൾ ആ വിവരങ്ങൾ ഫെസിലിറ്റേഷൻ കേന്ദ്രത്തിലേക്ക് ഇ-മെയിൽ അയച്ച് നൽകണം.
സർക്കാറിന്റെയും വിവിധ വകുപ്പുകളുടെയും സേവനങ്ങളുടെ കൈപുസ്തകം ഫെസിലിറ്റേഷൻ കേന്ദ്രത്തിലുണ്ടാകും. ഇതുവഴി കേന്ദ്രത്തെ സമ്പൂർണ വിവര വിനിമയ സഹായ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പായാൽ ഗ്രാമപഞ്ചായത്തുകളിലെത്തുന്ന ജനങ്ങൾക്ക് ഏതൊക്കെ സേവനങ്ങൾ ലഭിക്കുമെന്ന ധാരണ ലഭിക്കും. ഇതോടെ ഒരാവശ്യത്തിന് പല ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും.
ജില്ലയിൽ എല്ല ഗ്രാമപഞ്ചായത്തുകളിലും പൗരസഹായ കേന്ദ്രങ്ങൾ സജ്ജമാക്കാൻ തിങ്കളാഴ്ച പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടേറ്റിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരും. 94 ഗ്രാമപഞ്ചായത്തുകളിൽനിന്നും പങ്കെടുക്കാൻ ഡി.ഡി.പിയിൽനിന്ന് നിർദേശം നൽകി. ജില്ല പഞ്ചായത്ത് ഹാളിൽ രാവിലെ 10.30നാണ് യോഗം.
പദ്ധതി ആരംഭിക്കാനും നടത്തിപ്പിലെ അപാകതകൾ പരിഹരിക്കാതും വേണ്ട നടപടി ആലോചിച്ച് തീരുമാനിക്കും. പദ്ധതി ഏപ്രിലോടെ തന്നെ യാഥാർഥ്യമാക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വി.കെ. മുരളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.