മലപ്പുറം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. വി. അബ്ദുറഹിമാന്, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ‘കരുതലും കൈത്താങ്ങും’ പേരില്‍ താലൂക്കുതല അദാലത്തുകള്‍ നടക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ 15 വരെ കലക്ടറേറ്റ്, താലൂക്ക് ഓഫിസുകളില്‍ നേരിട്ടും അക്ഷയകേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ സ്വീകരിക്കും. മേയ് 15ന് ഏറനാട്, 16ന് നിലമ്പൂര്‍, 18ന് പെരിന്തല്‍മണ്ണ, 20ന് പൊന്നാനി, 22ന് തിരൂര്‍, 25ന് തിരൂരങ്ങാടി, 26ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് അദാലത്തുകള്‍ നടക്കുക.
അദാലത്തില്‍ അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമിസംബന്ധമായ പ്രശ്നങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍-ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസവും നിരസിക്കലും, തണ്ണീര്‍ത്തട സംരക്ഷണം, വീട്, വസ്തു, ലൈഫ് പദ്ധതി, വിവാഹ-പഠന ധനസഹായം തുടങ്ങിയ ക്ഷേമപദ്ധതികള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷ പെന്ഷന് കുടിശ്ശിക ലഭിക്കല്‍, പെന്ഷന് അനുവദിക്കല്‍ ആവശ്യം, പരിസ്ഥിതി മലിനീകരണം,
മാലിന്യ സംസ്കരണം, തെരുവുനായ് ശല്യം, അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, വന്യജീവി ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍/ അപേക്ഷകള്‍, മത്സ്യബന്ധന തൊഴിലാളികളുടെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ മരുന്ന് വിതരണം, ക്ഷാമം, ശാരീരിക-ബുദ്ധി- മാനസിക പരിമിതികളുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്ഷന്, വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിക്കും.
കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി സമര്‍പ്പിച്ച് രസീത് വാങ്ങേണ്ടതാണ്. അദാലത്തില്‍ പരിഗണിക്കാന്‍ നിശ്ചയിച്ച വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍, വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in വെബ് പോര്‍ട്ടലിലൂടെ മുഖ്യമന്ത്രിക്കോ സമര്‍പ്പിക്കാം.
ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും. അദാലത്തുകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വി. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, ജില്ല വികസന കമീഷണര്‍ രാജീവ് കുമാര്‍ ചൗധരി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.