താനൂർ: നഗരസഭാധ്യക്ഷപദവിയെച്ചൊല്ലി താനൂരിലെ മുസ്ലിം ലീഗിൽ ഭിന്നത. അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് തുടക്കത്തിലുണ്ടാക്കിയ ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.മുഹമ്മദ് അഷ്റഫ് രാജി വെച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭയിലെ 11 ഡിവിഷൻ കമ്മിറ്റികൾ രാജി വെച്ചതിനാൽ മുനിസിപ്പൽ കമ്മിറ്റിയെ നയിക്കാൻ പ്രയാസമാണെന്നറിയിച്ചാണ് സി.മുഹമ്മദ് അഷ്റഫ് രാജി നൽകിയത്. ആദ്യത്തെ രണ്ടര വർഷത്തിന് ശേഷം കൗൺസിലർ റഷീദ് മോര്യക്ക് ചെയർമാൻ പദവി കൈമാറാമെന്ന ധാരണയിലാണ് നിലവിലുള്ള ചെയർമാൻ പി.പി.ഷംസുദ്ദീൻ അധികാരമേറ്റെടുത്തതെന്നാണ് പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് രാജി വെച്ചവർ പറയുന്നത്.
എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും ധാരണയനുസരിച്ച് അധികാരം കൈമാറാൻ നിലവിലെ ചെയർമാൻ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഇവർ പറയുന്നത്. നഗരസഭയായ ശേഷവും മുമ്പ് പഞ്ചായത്തായിരുന്നപ്പോഴും ചെയർമാൻ/പ്രസിഡന്റ് പദവികൾ വഹിച്ചിരുന്നത് ദീർഘകാലമായി തീരദേശ മേഖലയിൽ നിന്നുള്ളവരാണെന്നും കിഴക്കൻ മേഖലയിൽ നിന്നുള്ളവരെ അവഗണിക്കുകയാണെന്നും കൂടി റഷീദ് മോര്യയെ അനുകൂലിക്കുന്നവർക്ക് അഭിപ്രായമുണ്ട്. പദവിയിൽ നിന്ന് രാജി വെക്കണമെന്ന മുനിസിപ്പൽ കമ്മിറ്റിയുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരമുള്ള തീരുമാനം ചെയർമാനെ അറിയിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്.
എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, അധികാരക്കൈമാറ്റം പാർട്ടിക്ക് രാഷ്ട്രീയമായി ക്ഷീണം ചെയ്യാനുള്ള സാധ്യത മുൻനിർത്തി തെരഞ്ഞെടുപ്പ് കഴിയും വരെ തൽസ്ഥിതി നിലനിർത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് ഷംസുദ്ദീനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് അതതു കമ്മിറ്റികൾക്ക് തീരുമാനമെടുക്കാനുള്ള അധികാരം നേതൃത്വം നൽകിയിട്ടുണ്ടെന്നും അതനുസരിച്ച് പല തദ്ദേശ സ്ഥാപനങ്ങളിലും പദവികൾ കൈമാറിയിട്ടുണ്ടെന്നുമാണ് മറുപക്ഷം പറയുന്നത്.
ചെയർമാൻ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും പാർട്ടിയുടെ ശക്തികേന്ദ്രമായ തീരമേഖലയിൽ നിന്നുള്ള പ്രതിനിധിയെന്നതും പരിഗണിച്ച് ശംസുദ്ദീൻ തുടരുന്നതാണ് പാർട്ടിക്ക് ഗുണകരമെന്ന അഭിപ്രായമുള്ളവരാണ് മണ്ഡലം നേതൃത്വത്തിൽ പലരും. എന്തായാലും അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നാണറിയുന്നത്. ഇതോടൊപ്പം സ്ഥിരം സമിതി അധ്യക്ഷ പദവികളിലടക്കം മാറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.