പെരുമ്പടപ്പ്: മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും തൃശൂർ ജില്ല അതിർത്തിയിലെ പെരുമ്പടപ്പ് വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കുമുൾപ്പെടെ 273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാറഞ്ചേരി പെരുമ്പടപ്പ് മേഖല ആശങ്കയിൽ.
പൊന്നാനി താലൂക്കിൽ കോവിഡ് വ്യാപന സമയത്ത് പോസിറ്റിവ് കേസുകളുടെ എണ്ണത്തിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുറവുണ്ടായിരുന്ന മേഖലകളിലാണ് ഒരിടവേളക്ക് ശേഷം വിദ്യാർഥികൾക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചത്. വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികക്കാണ് ആദ്യം കോവിഡ് ബാധിച്ചത്.
ഇതേ തുടർന്ന് സ്കൂളിലെ 86 പേരെ ആർ.ടി.പി.സി പരിശോധനക്ക് വിധേയമാക്കിയതിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന 590 വിദ്യാർഥികളെയും 51 അധ്യാപക-അനധ്യാപകരെയും പരിശോധന നടത്തിയതിൽ 187 പേരാണ് രോഗബാധിതരാണെന്ന് കണ്ടെത്തിയത്.
ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരിശോധന അടുത്ത ദിവസം നടത്താനാണ് തീരുമാനം. നേരേത്ത അധ്യാപികക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വന്നേരി സ്കൂൾ അടച്ചിട്ടിരിക്കുകയാണ്.
മാറഞ്ചേരി സ്കൂളും അടക്കാനാണ് ആലോചനയുള്ളത്. അതേസമയം, രോഗബാധിതരുമായി പ്രാഥമിക സമ്പർക്കമുള്ളവരുടെ പരിശോധന നടത്താനും നിർദേശം ലഭിച്ചാൽ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
അയൽ ജിലകളിൽനിന്നുള്ളവരുൾപ്പെടെയാണ് സ്കൂളിലെ അധ്യാപകർ. ഇതിനാൽ വരുംദിവസങ്ങളിൽ മേഖലയിൽ കനത്ത ജാഗ്രത ഏർപ്പെടുത്താനാണ് അധികൃതർ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.