മലപ്പുറം: ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി), ജുവനൈൽ ജസ്റ്റിസ് ബോർഡ്, ബാലാവകാശ കമീഷൻ എന്നിവയിലേക്ക് നടത്തിയ അഭിമുഖത്തിന്റെ ഫലം വൈകുന്നു. മാർച്ച് 31നാണ് സി.ഡബ്ല്യു.സി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയുടെ കാലാവധി കഴിഞ്ഞത്. ബാലാവകാശ കമീഷനിൽ രണ്ട് അംഗങ്ങളുടെ ഒഴിവാണ് ഉണ്ടായിരുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സി.ഡബ്ല്യു.സി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവിടങ്ങളിലേക്ക് അഭിമുഖം നടന്നത്. കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരധിവാസം എന്നിവക്കുള്ള കേസുകൾ തീർപ്പാക്കാനുള്ള അധികാരം സി.ഡബ്ല്യു.സിക്കാണ്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് എല്ലാ ജില്ലകളിലും ശിശുക്ഷേമ സമിതികൾ രൂപവത്കരിക്കുന്നത്. കുട്ടികളുടെ സംരക്ഷണവും ശ്രദ്ധയും ഉറപ്പാക്കാനാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ്. സി.ഡബ്ല്യു.സിയിൽ ചെയർമാൻ ഉൾപ്പെടെ അഞ്ചുപേരുടെ ഒഴിവാണ് ഓരോ ജില്ലയിലുമുള്ളത്. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഓരോ ജില്ലയിലും രണ്ട് ഒഴിവുമുണ്ട്. അഭിമുഖ സമയത്ത് ശിശു സംരക്ഷണ മേഖലയിൽ പ്രവൃത്തിപരിചയവും യോഗ്യതയുമില്ലാത്തവരെ കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ വനിത ശിശു വികസന ഡയറക്ടർ ടി. അനുപമ ആലപ്പുഴ, മലപ്പുറം, കാസർകോട്, കോഴിക്കോട് ജില്ലകളിലെ അഭിമുഖം മാറ്റിയിരുന്നു.
തുടർന്ന് അനുപമക്ക് സ്ഥലംമാറ്റമുണ്ടായി. വീണ്ടും നടത്തിയ അഭിമുഖത്തിൽ അയോഗ്യർ ഉൾപ്പെടെ പങ്കെടുത്തത് വിവാദമായി. എല്ലാ തസ്തികകളിലും രാഷ്ട്രീയ നിയമനം നടത്താനാണ് സാധ്യതയെന്ന ആരോപണമുണ്ട്. ഭരണ പാർട്ടിയുടെ അഭിഭാഷക സംഘടനകളിൽനിന്നുള്ളവരെയാണ് വർഷങ്ങളായി നിയമിക്കുന്നത്. കഴിഞ്ഞ തവണ സി.ഡബ്ല്യു.സി, ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ മുൻതൂക്കം അഭിഭാഷകർക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.