തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹം കൃത്യമായി തുന്നാതെ നല്‍കിയതായി പരാതി. താഴെ ചേളാരി സ്വദേശി നെച്ചാട്ട് പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകന് അർഷദിെൻറ (38) മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൃത്യമായി തുന്നാതെ ബന്ധുക്കള്‍ക്ക് കൈമാറിയതായാണ് പരാതിയുയര്‍ന്നത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അര്‍ഷദിനെ ചേളാരിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോവിഡ് പരിശോധന ഫലം നെഗറ്റിവായതോടെ തിരൂരങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറും മൂന്ന് നഴ്സുമാരും ആറരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മടങ്ങി. ബന്ധുക്കള്‍ കുളിപ്പിക്കാൻ മോര്‍ച്ചറിയില്‍ കയറിയപ്പോഴാണ് മൃതദേഹം കീറിയ ഭാഗങ്ങളിലൊന്നും ശരിയായ രീതിയില്‍ തുന്നിയിട്ടില്ലെന്ന് കണ്ടത്. നഴ്സിനെ അറിയിച്ചപ്പോള്‍ അത് സാധാരണയാണെന്നായിരുന്നു മറുപടിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ വാങ്ങിത്തന്ന കിറ്റില്‍ തുന്നാനുള്ള നൂല് ഇല്ലായിരുന്നെന്നും ഉള്ള നൂല് ഒപ്പിച്ചുതുന്നിയതിനാലാണ് അങ്ങനെയായതെന്നുമായിരുന്നു പിന്നീട് മറുപടി. ഇതോടെ ബന്ധുക്കള്‍ പരാതിയുമായി ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ വീണ്ടും മോര്‍ച്ചറിയിലെത്തി പരിശോധിച്ചു. വയറിെൻറ ഭാഗത്തും തലയുടെ ഭാഗത്തും തുന്നിയത് ശരിയായിരുന്നില്ലെന്ന് കണ്ടെത്തുകയും വീണ്ടും തുന്നാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീനയോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണം ആരംഭിച്ചതായും വെള്ളിയാഴ്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സൂപ്രണ്ടിന് നിർദേശം നല്‍കിയതായും ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.