പരപ്പനങ്ങാടി: ചെറമംഗലം സ്വദേശി ചെങ്ങാട് മുസ്തഫക്ക് പത്താം ക്ലാസിന്റെ പടികടക്കാൻ ഭാഗ്യമുണ്ടായിട്ടില്ല. എന്നാൽ, മുസ്തഫയുടെ എൻജിനീയറിങ് പാടവം വിസ്മയകരമാണ്. നിർമാണ രംഗത്തും സാങ്കേതിക രംഗത്തും അതിശയങ്ങൾ സമ്മാനിക്കുകയാണ് ഈ മുപ്പത്തിയാറുകാരൻ. വീട് നിർമാണത്തിൽ ആകർഷണീയതയുടെ മേമ്പൊടി സമ്മാനിക്കാൻ മുസ്തഫയുടെ നിർമാണ കലാബോധം തേടിയെത്തുന്നവരിൽ പേരുകേട്ട എൻജിനീയർമാർ വരെയുണ്ട്. സിമന്റും കല്ലും മണലും മാറ്റി നിർത്തി പ്രകൃതിക്ക് പരിക്കേൽക്കാത്ത വിധം ഇരുമ്പു കമ്പികളും മുളകളും ഓടുകളും ചേർത്തൊരുക്കുന്ന പ്രകൃതി സൗഹൃദ വീടുകളാണ് മുസ്തഫയുടെ പ്രത്യേകത.
കാറ്റും വെളിച്ചവും അകത്തളങ്ങളിൽ കളിയാടുന്നതും അനാവശ്യ നിർമിതികൾ പാടെ വെട്ടിമാറ്റിയതുമായ കെട്ടിടങ്ങൾ ഒറ്റ നോട്ടത്തിൽ കേരളീയ പരമ്പരാഗത ഗൃഹസങ്കൽപങ്ങൾക്കെതിരാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ പരപ്പനങ്ങാടിയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന ട്രീറ്റ് റസ്റ്റാറന്റിന്റെ നിർമിതിയിലും മുസ്തഫയുടെ കരവിരുതുണ്ടായിരുന്നു. സിനിമ സംവിധാന രംഗത്തും ഡോക്യുമെന്ററി രംഗത്തും മുസ്തഫ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. ഒന്നും രണ്ടും മിനിറ്റുകൾ മാത്രം നീളുന്ന നിരവധി പ്രകൃതി പക്ഷ ഡോക്യുമെന്ററികൾ നിർമിച്ചു.
ഉടൻ തിയറ്ററുകളിൽ എത്തുന്ന ‘കനേഡിയൻ അഫ്ഗാൻ’ സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.