കാവനൂർ: പഞ്ചായത്തിലെ ഹരിത കർമസേന അജൈവമാലിന്യം സൂക്ഷിക്കുന്നിടത്ത് മാലിന്യം ഇറക്കുന്നത് തടയാൻ ശ്രമിച്ച 23 പ്രദേശവാസികളെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. കാവനൂർ പഞ്ചായത്തിലെ ഹരിത കർമസേന വീടുകളിൽനിന്നും മറ്റും ശേഖരിക്കുന്ന അജൈവമാലിന്യം മാസങ്ങളായി പഞ്ചായത്ത് ഓഫിസ് പരിസരത്താണ് സൂക്ഷിച്ചിരുന്നത്. ഓഫിസ് പരിസരം വൃത്തിഹീനമായതിനെ തുടർന്ന് ഇവ മാറ്റാൻ കഴിഞ്ഞ ദിവസം പഞ്ചായത്ത് തീരുമാനിച്ചു.
തുടർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ചെങ്ങരയിലെ ഒന്നരയേക്കൽ ഭൂമി ഇതിനായി കണ്ടെത്തി. ബോർഡ് യോഗം തീരുമാനം പാസാക്കുകയും ചെയ്തു. എന്നാൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മട്ടത്തിരിക്കുന്നിൽ മാലിന്യം സൂക്ഷിക്കാൻ പാടില്ലെന്നും മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും ബോർഡ് യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ബോർഡ് യോഗം പക്ഷെ കോൺഗ്രസിന്റെ ആവശ്യം നിരാകരിച്ചു. യു.ഡി.എഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.
ഇതോടെ കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയും പഞ്ചായത്തിൽ മുസ്ലിം ലീഗിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ ആദ്യമായി മട്ടത്തിരിക്കുന്നിൽ അജൈവ മാലിന്യവുമായി വാഹനം എത്തിയത്. ഇത് പ്രദേശവാസികളുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. തുടർന്ന് പഞ്ചായത്തധികൃതർ അരീക്കോട് പൊലീസിൽ വിവരം അറിയിച്ചു. പ്രതിഷേധക്കാരെ പൊലീസ് നീക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചു. തുടർന്ന് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇതിനിടെ ജനകീയ സമരത്തിന് നേതൃത്വം നൽകിയ മുൻ കാവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ രതീഷിന് പരിക്കേൽക്കുകയും ചെയ്തു. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസലി, അഡീഷനൽ എസ്.ഐ അബ്ദുൽ അസീസ് ഉൾപ്പടെയുള്ള എട്ടു പൊലീസുകാർക്കും നിസാര പരിക്കേറ്റു. ഇവർ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ഒരു കാരണവശാലും പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ഈ ഭൂമിയിൽ മാലിന്യം ഇറക്കാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധവും സമരപരിപാടികളും നിയമ പോരാട്ടവുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.