മലപ്പുറം: നഗരസഭ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യഭ്യാസ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലപ്പുറം നഗരസഭ നടപ്പിലാക്കിയ ‘ഫീസ് ഫ്രീ നഗരസഭ’ പദ്ധതിയിലുൾപ്പെട്ട് വിവിധ സ്കോളർഷിപ് പരീക്ഷകൾ എഴുതി മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. നഗരസഭ പ്രദേശത്ത് 112 പേർ എൽ.എസ്.എസിനും 62 പേർ യു.എസ്.എസിനും 37 പേർ എൻ.എം.എം.എസ് സ്കോളർഷിപ്പിനും ഈ പരിശീലനം വഴി അർഹരായി. നഗരസഭ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് ജില്ല കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മലപ്പുറം നഗരസഭ നടത്തുന്ന കാഴ്ചപ്പാടോടുകൂടിയ മുന്നേറ്റങ്ങൾ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും വിദ്യഭ്യാസ രംഗത്തെ പുരോഗതികൾ മാറ്റത്തിന്റെ ചാലകശക്തിയാവുമെന്നും അദ്ദേഹംപറഞ്ഞു.
ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, കൗൺസിലർമാരായ ശിഹാബ് മൊടയങ്ങാടൻ, സി.കെ. സഹീർ, സി. സുരേഷ്, നാജിയ ശിഹാർ, സുഹൈൽ ഇടവഴിക്കൽ, സജീർ കളപ്പാടൻ, പദ്ധതി കോഓഡിനേറ്റർ എം. ജൗഹർ, പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന റിസോഴ്സ് പേഴ്സൻ എം. ജിയാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
മലപ്പുറം നഗരസഭ പ്രദേശത്ത് നിലവിൽ എൽ.എസ്.എസ്,യു.എസ്.എസ്, എൻ.എം.എം എസ്, സി.യു.ഇ.ടി, പി.എസ്.സി പരീക്ഷ പരിശീലനം, സാക്ഷരത, തുല്യത പരീക്ഷ ഫീസ്, പത്താംതരം, പ്ലസ് ടു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള മുന്നേറ്റം പദ്ധതി തുടങ്ങിയ മുഴുവൻ പദ്ധതികളിലെയും പഠിതാക്കൾക്ക് വേണ്ട ഫീസ് നഗരസഭയാണ് വഹിച്ചുവരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാനദണ്ഡത്തിന് പുറത്തുള്ള പദ്ധതി ആയതിനാൽ സർക്കാരിൽനിന്ന് പ്രത്യേക അനുമതി നേടിയെടുത്തതിനു ശേഷമാണ് പദ്ധതി നഗരസഭ നടപ്പിലാക്കി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.