മലപ്പുറം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നിർവാഹക സമിതി യോഗം നീളുന്നു. യോഗം വിളിച്ചുചേർത്തിട്ട് ഒരു വർഷത്തിലധികമായി. യോഗം നീളുന്നത് ജില്ലയിലെ ടൂറിസം വികസനത്തെ ബാധിക്കുന്നതായാണ് ആരോപണം. കലക്ടറാണ് ഡി.ടി.പി.സി ചെയർമാൻ. ഡി.ടി.പി.സി സെക്രട്ടറി, ജനപ്രതിനിധികളും സർക്കാർ നിയോഗിക്കുന്നവരുമാണ് സമിതി അംഗങ്ങൾ. ചെയർമാനായ കലക്ടറാണ് യോഗം വിളിക്കേണ്ടത്. പദ്ധതികള്‍ നടപ്പാക്കാന്‍ നിർവാഹക സമിതിയുടെ അംഗീകാരം വേണം. യോഗം ചേർന്ന് അംഗീകാരം വേണമെന്നതിനാല്‍ പല പദ്ധതികളും പാതിവഴിയിലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഡി.ടി.പി.സി മുഖേന നടപ്പാക്കുന്ന എല്ലാ പദ്ധതികൾക്കും സമിതി അംഗീകാരം നൽകണം. മുമ്പ് വളരെ കൃത്യമായി യോഗം ചേർന്നിരുന്നു. കൂടാതെ, അടിയന്തരഘട്ടങ്ങളിലും യോഗം ചേരുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. അതേസമയം, യോഗം വിളിച്ചുചേർക്കുന്നതിന് അജണ്ട തയാറാക്കാൻ ഡി.ടി.പി.സി സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ടെന്നും ഉടൻ യോഗം ചേരുമെന്നും കലക്ടർ വി.ആർ. പ്രേംകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
ഫിനാൻസ് ഓഫിസർ നിയമനം നീളുന്നു
മലപ്പുറം: കലക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ നിയമനം നീളുന്നു. ജില്ല ഭരണകൂടത്തിന്‍റെ ആസ്ഥാനമായ കലക്ടറേറ്റിൽ സുപ്രധാനമായ തസ്കികകളിലൊന്നാണ് ഫിനാൻസ് ഓഫിസർ. ധനവകുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്കും ഇദ്ദേഹത്തിന്‍റെ അംഗീകാരം ആവശ്യമാണ്. മേയ് 31നാണ് മുമ്പുണ്ടായിരുന്ന ഫിനാൻസ് ഓഫിസർ വിരമിച്ചത്. രണ്ടാഴ്ചയായിട്ടും പുതിയ നിയമനമോ പകരം ചുമതലയോ നൽകിയിട്ടില്ല. എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിനും പ്രാദേശിക വികസന ഫണ്ടിനുമെല്ലാം ഫിനാൻസ് ഓഫിസറുടെ അംഗീകാരം വേണം. ഫിനാൻസ് ഓഫിസറെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ല ഭരണകൂടം സർക്കാറിലേക്ക് കത്തും അയച്ചിട്ടുണ്ട്.
എം.എൽ.എ ഫണ്ട്: ലഭ്യമായതെല്ലാം തീർപ്പാക്കിയിട്ടുണ്ടെന്ന് കലക്ടർ
മലപ്പുറം: ജില്ലയിൽ എം.എൽ.എ ഫണ്ടുമായി ബന്ധപ്പെട്ട് ലഭ്യമായ ഫയലുകളെല്ലാം തീർപ്പാക്കിയിട്ടുണ്ടെന്ന് കലക്ടർ വി.ആർ. പ്രേംകുമാർ. കലക്ടറേറ്റിലെ ഫയൽ സ്തംഭനത്തെക്കുറിച്ച് ചൊവ്വാഴ്ച 'മാധ്യമം' നൽകിയ വാർത്തയിൽ എം.എൽ.എ ഫണ്ടുകളിലെ കാലതാമസവും ഉന്നയിച്ചിരുന്നു.
എം.എൽ.എ ആസ്തി വികസനഫണ്ട് നിലവിൽ ഒന്നും കെട്ടിക്കിടക്കുന്നില്ലെന്ന് കലക്ടർ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രാദേശിക വികസന ഫണ്ടിൽ കലക്ടറേറ്റിൽ വരുന്നതിൽ ഉടൻ അംഗീകാരം നൽകാറുണ്ട്. എസ്റ്റിമേറ്റ് താഴെനിന്ന് ലഭിച്ചാൽ മാത്രമേ അംഗീകാരം നൽകാൻ സാധിക്കൂ. ഈ നടപടികൾ പൂർത്തിയായിവരുന്നവയിൽ ഭരണാനുമതി നൽകാറുണ്ട്.
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടതിൽ ഓഫിസിലേക്ക് വന്നതെല്ലാം രണ്ട് ദിവസത്തിനകം തീർപ്പാക്കാറുണ്ട്. ഇതിൽ 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. കലക്ടറേറ്റിൽ ഫയലുകളെല്ലാം തീർപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.