പൊന്നാനി: നിളയോര പാതയിലെ കൈയേറ്റം കണ്ടെത്താൻ റവന്യൂ സംഘം നടത്തിയ സർവേയിൽ കൈയേറ്റ ഭൂമിയെന്ന് അടയാളപ്പെടുത്തി ഈശ്വരമംഗലം പുറമ്പോക്ക് ഭൂമിയിലെ കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയതിൽ പ്രതിഷേധം ശക്തം. 1992ന് മുമ്പ് താമസമുള്ളവരെന്ന് പൊന്നാനി തഹസിൽദാർ കൈവശരേഖ നൽകിയവർക്കുൾപ്പെടെയാണ് നോട്ടീസ് നൽകിയത്. കാലങ്ങളായി താമസിക്കുന്നവരെ അന്യായമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ തുടർദിവസങ്ങളിലെ സർവേ നടപടികൾ തടയുമെന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം, സർക്കാർ ഉത്തരവ് പ്രകാരമുള്ള സർവേ നടപടികൾ മാത്രമാണ് നടക്കുന്നതെന്നും മറ്റു നടപടികൾ കലക്ടർ ഉൾപ്പെടെയുള്ളവർ പിന്നീട് തീരുമാനിക്കുമെന്നും ആരെയും ഉടൻ കുടിയൊഴിപ്പിക്കില്ലെന്നും അധികൃതർ പറഞ്ഞു.
ഈശ്വരമംഗലം പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ സർവേ നടത്തി ഒഴിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നോട്ടീസ് നൽകിയ കുടുംബങ്ങളെ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
പൊന്നാനിയിലെ ജനപ്രതിനിധികൾ കൈവശ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പട്ടയം നൽകുന്നതിന് താൽപര്യം കാണിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നേതാക്കൾ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, പുന്നക്കൽ സുരേഷ്, മുസ്തഫ വടമുക്ക്, എ. പവിത്രകുമാർ, എൻ.പി. നബീൽ, കെ.വി. സക്കീർ കടവ്, എം. രഞ്ജിത്ത്, സി. ജാഫർ, ഷിനോദ് കടവ് എന്നിവരാണ് കൈവശ രേഖയുള്ളവരുടെ വീടുകൾ സന്ദർശിച്ചത്.
പൊന്നാനി കർമ റോഡിനോട് ചേർന്ന സ്ഥലം സർവേ നടത്തുമ്പോൾ കാലങ്ങളായി കൈവശ രേഖയുള്ളതും വർഷമായി താമസിക്കുന്നതുമായ വീടുകൾ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി.ഡി.പി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി യോഗം പ്രസ്താവിച്ചു. നിലവിൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകാനുള്ള സംവിധാനം ഉടൻ ചെയ്യണം. സംസ്ഥാന കൗൺസിൽ അംഗം എം.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. ജെ. മുജീബ്റഹ്മാൻ, പി.സി. സെക്കീർ, ടി.വി. കുഞ്ഞിമുഹമ്മദ്, മനാഫ്, അബ്ദുറഹ്മാൻ പുതുപൊന്നാനി, അസീസ് ചമ്രവട്ടംകാവ്, എൻ. ലത്തീഫ്, ഹൈദർ അലി, പി. ഷൂക്കൂർ, അശ്റഫ് ബാവ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.