മലപ്പുറം: നഗരസഭയിലെ ഷ്രെഡ്ഡിങ് യൂനിറ്റിൽ മാലിന്യം നിറഞ്ഞതോടെ പ്രശ്നം പഠിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. വിഷയം പഠിച്ച് താൽക്കാലിക പ്രതിവിധി അടക്കം തയാറാക്കി ജൂൺ 10നകം റിപ്പോർട്ടാക്കി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കൗൺസിലിന് സമർപ്പിക്കാനാണ് തീരുമാനം.
റിപ്പോർട്ട് നൽകിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. ഖനി ഖരമാലിന്യ ഷ്രെഡ്ഡിങ് യൂനിറ്റിലെ യന്ത്രം തകരാറിലായതോടെ നഗരസഭ പരിസരം മാലിന്യം നിറഞ്ഞ് നിൽക്കുകയാണ്. ഒന്നര മാസമായി യന്ത്രം തകരാറിലാണ്. ഓരോ ദിവസവും നഗരസഭ പരിസരത്ത് മാലിന്യത്തോത് കൂടിയതോടെ പകരം താൽക്കാലികമായി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി
40-ാം വാർഡ് പെരുമ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം കണ്ടെത്തി. എന്നാൽ വാടക നിശ്ചയിക്കുന്നതിലെ സാങ്കേതിക തടസ്സം കാരണം താൽക്കാലിക കേന്ദ്രത്തിലേക്കുള്ള മാലിന്യം നീക്കം സാധ്യമായില്ല. കണ്ടെത്തിയ സ്ഥലത്തിന്റെ ആധാരവും സമീപ പ്രദേശങ്ങളിലെ അഞ്ച് ആധാരങ്ങളും ലഭിച്ചാൽ മാത്രമേ വാടക നിശ്ചയിക്കാൻ കഴിയുവെന്നാണ് ഉദ്യോഗസ്ഥർ കൗൺസിൽ യോഗത്തിൽ നൽകിയ വിശദീകരണം. മാലിന്യനീക്കം നീളുന്നത് നഗരസഭ പരിസരം മാലിന്യകൂമ്പാരത്തിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് കൗൺസിലർമാർ യോഗത്തിൽ ഉന്നയിച്ചു.
മഴ കനത്ത സാഹചര്യത്തിൽ മാലിന്യത്തിൽനിന്ന് രോഗ വ്യാപനത്തിനും സാധ്യതയുണ്ടെന്ന് അംഗങ്ങൾ വിവരിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിന് പകരം ഭക്ഷണ മാലിന്യങ്ങളടക്കം സ്വീകരിക്കുന്നതാണ് പ്രശ്നം ഗുരുതരമാക്കാൻ വഴിവെച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. അശാസ്ത്രീയ രീതി ഒഴിവാക്കി ഹരിതകർമ സേനാംഗങ്ങൾക്ക് കൃത്യമായി നിർദേശം നൽകി മാലിന്യ ശേഖരണം കാര്യക്ഷമമാക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അധ്യക്ഷൻ മുജീബ് കാടേരി വ്യക്തമാക്കി.
മലപ്പുറം: അനുമതിയില്ലാതെ ലൈസൻസ് പുതുക്കാനെത്തിയ വ്യാപാരികളിൽനിന്ന് അനധികൃതമായി പിഴ ഈടാക്കിയെന്ന് ആരോപണവുമായി കൗൺസിലർമാർ. ഭരണപക്ഷ കൗൺസിലർമാരാണ് ആരോപണവുമായി രംഗത്തുവന്നത്. സർക്കാർ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കാൻ കാലാവധി നീട്ടി നൽകിയിട്ടും പുതുക്കാനെത്തിയവരുടെ കൈയിൽനിന്ന് അനധികൃതമായി പിഴ ഈടാക്കിയെന്നും ഇത് നഗരസഭക്കെതിരെ വലിയ പരാതിക്ക് ഇടവരുത്തിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതോടെ അധ്യക്ഷൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടി. വിഷയത്തിൽ ഉദ്യോഗസ്ഥർ വിശദീകരണവുമായി രംഗത്തുവന്നു. പിഴ ഈടാക്കിയവരിൽ അധികവും മുൻ വർഷങ്ങളിലെ ലൈസൻസ് പുതുക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിഴ ഈടാക്കിയതെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.
വ്യാപാരികൾ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതോടെ നടപടി നിർത്തിവെച്ചെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. പുതുക്കാൻ സർക്കാർ കാലാവധി നീട്ടി നൽകിയ സാഹചര്യത്തിൽ പിഴ ഈടാക്കാൻ അനുമതി ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഇല്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധ്യക്ഷന് വ്യക്തമാക്കി. വീഴ്ചയുണ്ടെങ്കിൽ നടപടി എടുക്കുന്നതിൽ തെറ്റില്ലെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.