ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ (എം.സി.എഫ്) വർഷങ്ങളായി കുന്നുകൂട്ടിയ മാലിന്യം നീക്കാൻ നടപടി തുടങ്ങി. പലപ്പോഴായി ഹരിതകർമസേന വഴി ശേഖരിച്ച മാലിന്യമാണ് തരംതിരിച്ച് നീക്കുന്നത്. പഞ്ചായത്തിലെ 30 ഓളം വരുന്ന ഹരിതകർമ സേനാംഗങ്ങളാണ് പ്രവൃത്തി ഏറ്റെടുത്തത്. റിജക്റ്റഡ് മാലിന്യം നീക്കാൻ ഏജൻസിക്ക് അങ്ങോട്ട് പണം നൽകണം. 6.75 രൂപയോളം ഒരു കിലോക്ക് വില നൽകേണ്ടി വന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. അതേസമയം, മുൻ ഭരണസമിതി ഇക്കാര്യത്തിൽ പ്രാഥമിക നടപടി തുടങ്ങിയിരുന്നെന്നും ഇക്കോ ഗ്രീൻ എന്ന കമ്പനിയുമായി ചർച്ച നടത്തിയിരുന്നെന്നും മുൻ പ്രസിഡന്റ് സി. സുകുമാരൻ അറിയിച്ചു.
6.75 രൂപ കിലോക്ക് കണക്കാക്കിയാണ് പ്രാഥമിക ചർച്ച നടത്തിയിരുന്നത്. ആ ചർച്ചയുടെ ഭാഗമായ നടപടികളാണ് തുടങ്ങിയത്. പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്ത ശേഷം ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. പഞ്ചായത്തിലെ ഹരിതകർമ സേനയുടെ അടിയന്തര യോഗവും ഇതിനായി നടത്തിയിരുന്നു. കെട്ടിക്കിടക്കുന്ന മുഴുവൻ മാലിന്യവും ഉടൻ നീക്കണമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായ തീരുമാനം എടുക്കുകയായിരുന്നു. യോഗ തീരുമാന പ്രകാരം ഉടൻ എം.സി.എഫ് പൂർണമായും വൃത്തിയാക്കി. പ്രദേശവാസികളുടെ ദീർഘകാലമായി നിലനിന്ന ആശങ്ക അകറ്റാൻവേണ്ട നടപടികൾക്ക് തുടക്കം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.