മലപ്പുറം: കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വ്യക്തിഗത നഷ്ടപരിഹാര നിർണയം ആഗസ്റ്റ് 10നകം പൂർത്തിയാക്കും. കെട്ടിട പരിശോധനയും ഭൂമിയുടെ വില നിർണയവും അന്തിമഘട്ടത്തിലാണ്. രണ്ടാഴ്ചക്കകം ഓരോ കൈവശങ്ങളുടെയും നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കും. ഉടമകൾക്കെല്ലാം പ്രത്യേകം ഉത്തരവുകൾ നൽകും. ഓണത്തിനു മുമ്പ് നഷ്ടപരിഹാര വിതരണം ആരംഭിക്കും.
ഭൂമി, കെട്ടിടം, മരങ്ങൾ, കാർഷിക വിളകൾ തുടങ്ങിയവയുടെ കണക്കും നഷ്ടപരിഹാരവും വില നിർണായ ഉത്തരവിലൂടെ ഉടമകളെ ബോധ്യപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കലക്ടർ (എൽ.എ) ഡോ. ജെ.ഒ. അരുൺ അറിയിച്ചു. വ്യക്തിഗത നഷ്ടപരിഹാര നിർണയ ഉത്തരവിറങ്ങിയാൽ രണ്ടു മാസമാണ് ഭൂമിയും വീടും വിട്ടൊഴിയാൻ സമയം നൽകുക. ഭൂമിയൊഴിഞ്ഞ് രണ്ടു ദിവസത്തിനകം നഷ്ടപരിഹാരം നൽകും. 4012 കൈവശക്കാരിൽനിന്ന് 238 ഹെക്ടർ സ്ഥലമാണ് ജില്ലയിൽ പാതക്ക് ഏറ്റെടുക്കുന്നത്. ഈ ഭൂമിയിൽ പൂർണതോതിലുള്ള 947 കെട്ടിടങ്ങളുണ്ട്. 1550 കൈവശങ്ങളിൽ മറ്റു നിർമിതികളുമുണ്ട്. മരങ്ങൾ 35,991ഉം മറ്റു കാർഷിക വിളകൾ 1,99,088ഉം ആണ്.
ആകെ 122.24 കി.മീ ദൈർഘ്യത്തിലുള്ള നിർദിഷ്ട പാലക്കാട് -കോഴിക്കോട് പാതയുടെ 52.96 കിലോമീറ്റർ മലപ്പുറം ജില്ലയിലും 62.2 കിലോമീറ്റർ പാലക്കാട്ടും 6.48 കിലോമീറ്റർ കോഴിക്കോട്ടുമാണ്. ജില്ലയിൽ വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, തൂവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് എന്നീ വില്ലേജുകളിലൂടെയാണ് പാത കടന്നുപോവുന്നത്. കേന്ദ്ര സർക്കാറിന്റെ ഭാരത്മാല പദ്ധതിക്ക് കീഴിലുള്ള ഗ്രീൻഫീൽഡ് ഹൈവേ പാലക്കാടിനും കോഴിക്കോടിനും ഇടയിലുള്ള യാത്രസമയം രണ്ട് മണിക്കൂറായി ചുരുക്കും. ദൂരം 45 കിലോമീറ്റർ കുറയും. ദേശീയപാത 544ൽ പാലക്കാട് മരുത റോഡിനിന്ന് ആരംഭിച്ച് എൻ.എച്ച് 66ൽ കോഴിക്കോട് രാമനാട്ടുകര ജങ്ഷൻ വരെ 45 മീറ്റർ വീതിയിൽ നാല് വരികളിലായാണ് നിർമാണം. സ്ഥലമേറ്റെടുപ്പ് പൂർത്തിയായശേഷം എൻ.എച്ച് അതോറിറ്റി ടെൻഡർ നടപടികളിലേക്ക് കടക്കും. 2800 കോടി രൂപയാണ് നിർമാണച്ചെലവ്.
പാതക്ക് സ്ഥലം വിട്ടുകൊടുക്കാൻ ഏതാണ്ട് എല്ലാ ഭൂവുടമകളും തയാറാണെങ്കിലും ഇവരുടെ ആശങ്ക ഒഴിയുന്നില്ല. സ്ഥലമെടുപ്പ് നടപടി ആദ്യം ആരംഭിച്ച കോഴിക്കോട് ജില്ലയിൽ ഭൂവുടമകൾക്ക് ഇപ്പോഴും ഭാഗികമായേ പണം നൽകിയിട്ടുള്ളൂ. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും നീണ്ടുപോകുന്നതും പ്രശ്നമാണ്. നഷ്ടപരിഹാരത്തുക നിശ്ചിത സമയത്തിനകം കിട്ടുമെന്ന പ്രതീക്ഷയിൽ പുതിയ വീടിനും സ്ഥലത്തിനും അഡ്വാൻസ് നൽകിയവർ പ്രതിസന്ധിയിലാണ്. പണം മുഴുവൻ കൊടുക്കാൻ കഴിയാത്തതിനാൽ ഇടപാട് മുടങ്ങിയ സംഭവങ്ങളുണ്ട്.
ഭൂമിയുടെ വിപണി വില കൂടുന്നതും കുടിയൊഴിപ്പിക്കപ്പെടുന്നവർ നേരിടുന്ന മറ്റൊരു പ്രശ്നമാണ്. വീട് ഭാഗികമായി നഷ്ടപ്പെടുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരമില്ലെന്ന പരാതിയുണ്ട്. വീട് പൂർണമായോ 50 ശതമാനമോ നഷ്ടപ്പെടുന്നവർക്കു മാത്രമേ വീടിനുള്ള നഷ്ടപരിഹാരം കിട്ടുന്നുള്ളൂ. മറ്റുള്ളവർക്ക് പൊളിക്കുന്ന ഭാഗത്തിനുള്ള നഷ്ടപരിഹാരം മാത്രമേയുള്ളൂ.ഹൈവേയോട് ചേർന്നായതിനാൽ ഇത്തരം വീടുകൾ പിന്നീട് താമസയോഗ്യമല്ലാതാവുന്നു. ഭാഗികമായി ഏറ്റെടുക്കുന്ന വീടുകളുടെ എണ്ണം കുറക്കുക, വീട് മാറുന്നതിനു മുമ്പ് തുക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉയരുന്നുണ്ട്.
യഥാർഥ വിലയുടെ ഇരട്ടി നഷ്ടപരിഹാരമായി പാക്കേജിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ആധാരത്തിൽ കാണിച്ച വില വെച്ച് ഭൂ വിലനിർണയം നടത്തുന്നത് ഉടമകൾക്ക് തിരിച്ചടിയാവും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ, അഞ്ച് കിലോമീറ്റർ പരിധിയിൽ രജിസ്റ്റർ ചെയ്ത 10 ആധാരങ്ങളുടെ വില പരിശോധിച്ച് ഏറ്റവും കൂടിയ തുകയാണ് ഭൂമിയുടെ അടിസ്ഥാന വിലയായി പരിഗണിക്കുക. ആധാരത്തിൽ ഭൂമിയുടെ വില കുറച്ചെഴുതുന്ന പ്രവണത ദോഷകരമാവും.
റോഡിന്റെ സാമീപ്യം, നഗരം, നഗരത്തിൽനിന്ന് നിശ്ചിത ദൂരം മാറിയത്, നിലം, പുരയിടം, നികത്തിയ ഭൂമി, വരുമാനമുള്ളതും ഇല്ലാത്തതും എന്നിങ്ങനെ വിവിധ ഭാഗങ്ങളാക്കി ഭൂമികൾ തരംതിരിച്ചാണ് വില നിർണയം. ഒരു വില്ലേജ് പരിധിയിൽതന്നെ വ്യത്യസ്ത വിലയാകും ലഭിക്കുക. അടിസ്ഥാന വില നിർണയിച്ച ശേഷം ഇതിന്റെ ഇരട്ടിത്തുക സമാശ്വാസമായി ലഭിക്കും. ത്രീ-എ വിജ്ഞാപനം പ്രസിദ്ധീകരിച്ച ജൂൺ ഒന്നു മുതൽ ഓരോ മാസത്തേക്കും ഒരു തുക പലിശയിനത്തിലും ലഭിക്കും. വിളകൾക്ക് മോശമല്ലാത്ത നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും റബർ മരത്തിന് കണക്കാക്കിയ തുക പോരെന്ന് പരാതിയുണ്ട്.
മലപ്പുറം: സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉടമകൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് ഗ്രീൻഫീൽഡ് ഹൈവേ മലപ്പുറം ജില്ല ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം കണക്കാക്കുമ്പോൾ, ഏറ്റെടുക്കുന്ന ഭൂമി എത്ര കാറ്റഗറിയായി തരംതിരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണം.
ഓരോ കാറ്റഗറിയിലും ഭൂമിക്ക് വിവിധ വില്ലേജുകളിൽ നിർണയിച്ച ഏറ്റവും കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന വില എത്രയെന്നതിന്റെ വിശദാംശം വെളിപ്പെടുത്തണം. വീട് നഷ്ടപ്പെടുന്ന എല്ലാവർക്കും സമാശ്വാസത്തുകയായ 2,86,000 രൂപ അനുവദിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ജനപ്രതിനിധികൾ അടങ്ങിയ റീ-ഹാബിലിറ്റേഷൻ കമ്മിറ്റിയും ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. ഇതിനാൽ സമാശ്വാസ തുക വീട് നഷ്ടപ്പെടുന്ന എല്ലാവർക്കും നൽകണം.
മാർച്ച് 31നകം നഷ്ടപരിഹാരത്തുക എല്ലാവർക്കും വിതരണം ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചത്. അതുപ്രകാരം വീടും സ്ഥലവും നഷ്ടപ്പെട്ടവർ കടംവാങ്ങിയും ബാങ്ക് വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയും വസ്തു ഇടപാടുകൾ നടത്തുകയും കരാറുകളിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ, നാളിതുവരെ നഷ്ടപരിഹാരത്തുക വിതരണം ചെയ്യാത്തതിനാൽ ഇരകൾ നിരവധി നഷ്ടങ്ങൾ നേരിടുകയാണ്. നഷ്ടപരിഹാര വിതരണം നീട്ടിക്കൊണ്ടുപോകുന്നത് സ്ഥലംവിട്ടുകൊടുത്തവരോട് ചെയ്യുന്ന വഞ്ചനയാണെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ അവറാൻകുട്ടി ചെറിയപറമ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.