മലപ്പുറം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏക മൈതാനമായ ഹാജിയാർപള്ളിയിലെ ഗ്രൗണ്ടിൽ ആധുനിക ഇൻഡോർ സ്റ്റേഡിയവും മിനി സ്റ്റേഡിയവും നിർമിക്കുന്ന പ്രവൃത്തിക്ക് സാങ്കേതികാനുമതി. കേന്ദ്ര സർക്കാറിെൻറ സദ്ഭവൻ മണ്ഡപ് പദ്ധതി പ്രകാരം 1.40 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. പ്രവൃത്തിക്ക് പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ കഴിഞ്ഞ ദിവസം സാങ്കേതികാനുമതി നൽകി. ഒരു വർഷംകൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഇൻഡോർ സ്റ്റേഡിയം, മിനി സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് ഇവിടെ മണ്ണിട്ട് സൗകര്യമൊരുക്കിയിരുന്നു. ഹാജിയാർ പള്ളിയിൽ കടലുണ്ടിപ്പുഴയോട് ചേർന്നാണ് മൈതാനം. പുഴയോരത്ത് ഭാവിയിൽ ജൈവവൈവിധ്യ പാർക്കൊരുക്കാനും ഉദ്ദേശ്യമുണ്ട്.തൊട്ടടുത്ത് നഗരസഭയുടെ സ്ഥലത്തുതന്നെ സ്ഥിതി ചെയ്യുന്ന കെട്ടിടം സ്റ്റേഡിയം വിപുലീകരണാർഥം പൊളിക്കും. പുഴയോരത്തെ നഗരസഭ ഭൂമിയും ഇതിലേക്ക് േചർക്കും. നിലവിലെ ഗ്രൗണ്ടിന് ഗാലറി നിർമിച്ച് മിനി സ്റ്റേഡിയമാക്കി നവീകരിക്കും. വൈകുന്നേരങ്ങളിൽ ഇവിടെ കുട്ടികൾ കളിച്ചിരുന്നു.
അവധിക്കാലത്ത് ഫുട്ബാൾ ക്യാമ്പുകളും നടക്കാറുണ്ട്. കോട്ടപ്പടി മൈതാനം സ്പോർട്സ് കൗൺസിൽ ഏറ്റെടുത്ത് ഫുട്ബാൾ സ്റ്റേഡിയമാക്കിയതോടെ മലപ്പുറത്തെയും സമീപപ്രദേശങ്ങളിലെയും താരങ്ങൾക്ക് പരിശീലനം നടത്താൻ ഇടമില്ലാതായി. സ്കൂൾ സ്പോർട്സ്, ഗെയിംസ് മത്സരങ്ങളും മുമ്പ് കോട്ടപ്പടിയിൽ നടന്നിരുന്നു. ഫുട്ബാൾ സ്റ്റേഡിയമായതോടെ അതും നിലച്ചു. ഹാജിയാർപള്ളിയിൽ ഇൻഡോർ, മിനി സ്റ്റേഡിയങ്ങൾ വരുന്നത് ജില്ല ആസ്ഥാനത്തെ കായികക്കുതിപ്പിന് കരുത്തേകുമെന്ന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.