മലപ്പുറം: ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും പ്രശ്നങ്ങളും വിലയിരുത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് നേരിട്ടെത്തി. ആശുപത്രി ജീവനക്കാരോടും രോഗികളോടും ജനപ്രതിനിധികളോടും സംസാരിച്ചും ആശുപത്രിയിലെ സൗകര്യങ്ങൾ നേരിട്ട് പരിശോധിച്ചും മന്ത്രി പ്രശ്നങ്ങൾ വിലയിരുത്തി. താലൂക്ക്, ജില്ല ആശുപത്രികളിൽ സന്ദർശനത്തിനെത്തിയ മന്ത്രി ജനങ്ങളുന്നയിച്ച പരാതികൾ കേട്ടു.
വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച ജനപ്രതിനിധികളുടെ യോഗം ചേരും. മുഖ്യമന്ത്രിയുമായുള്ള അവലോകനയോഗത്തിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. രാവിലെ എട്ടോടെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽനിന്നാണ് സന്ദർശനം തുടങ്ങിയത്.
അരീക്കോട് താലൂക്ക് ആശുപത്രിയിൽ മുഴുവൻ സമയ അത്യാഹിത വിഭാഗം പ്രവർത്തിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ മാതൃശിശു വിഭാഗം പ്രവർത്തനസജ്ജമാക്കും. മലപ്പുറം താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.
കുറ്റിപ്പുറം താലൂക്ക് ആശുപത്രി, പൊന്നാനി സ്ത്രീകളുെടയും കുട്ടികളുെടയും ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി. സ്ഥലപരിമിതിമൂലം വികസനപ്രവർത്തനങ്ങൾ സാധ്യമാവാതെ ബുദ്ധിമുട്ടുന്ന നിലമ്പൂർ ജില്ല ആശുപത്രിക്ക് സമീപത്തെ ഗവ. യു.പി സ്കൂളിന്റെ ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജ്, ജില്ല ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ പരിമിതികൾ സംബന്ധിച്ച് ‘മാധ്യമം’ നേരേത്ത പരമ്പര നൽകിയിരുന്നു.
പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ ആവശ്യമായ തസ്തിക സൃഷ്ടിക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആവശ്യമായ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ധനകാര്യ വകുപ്പ് അനുമതി നൽകിയാലുടൻ സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കും.
പൊന്നാനി മാതൃ-ശിശു ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് സന്ദർശനത്തിൽ ബോധ്യമായിട്ടുണ്ട്. ഇക്കാര്യത്തിൽ അവലോകന യോഗം പി. നന്ദകുമാർ എം.എൽ.എയുടെ സാന്നിധ്യത്തിൽ അടുത്ത ആഴ്ച ചേരും. പൊന്നാനി താലൂക്ക് ആശുപതി കെട്ടിട നിർമാണം ഉടൻ പൂർത്തീകരിക്കാൻ കരാറുകാർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. പി. നന്ദകുമാർ എം.എൽ.എ, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, മറ്റു ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ഐ.സി.യുവിൽ പ്രവർത്തിപ്പിക്കാൻ ജീവനക്കാരെയും ഡോക്ടമാരെയും ഉടൻ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ 17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നബാർഡ് -ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാല് നിലകളിലുള്ള കെട്ടിടം നിർമിക്കുന്നതിന് തയാറാക്കിയ മാസ്റ്റർ പ്ലാൻ അംഗീകരിച്ചാണ് ഫണ്ട് അനുവദിച്ചത്.
ഇതിന്റെ നിർമാണോദ്ഘാടനം ഉടൻ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അടുത്തയാഴ്ച ജില്ലയിൽ ആശുപത്രികളിൽ സന്ദർശനം നടത്തിയതിന്റെ അവലോകന നടത്തും. ഇതിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ വിവിധ വിഭാഗങ്ങളും രോഗികളെയും വീണ ജോർജ് സന്ദർശിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സസീറ പറത്തൊടി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.