മലപ്പുറം: ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും കൊമ്പുകോർക്കുമ്പോൾ ഹൈദരാബാദ് ടീമിന് വേണ്ടി കളിക്കളത്തിലും പുറത്തും ചുക്കാൻ പിടിക്കുന്ന രണ്ട് മലയാളികളുണ്ട്. അരീക്കോട് തെരട്ടമ്മൽ സ്വദേശി ഹൈദരാബാദ് എഫ്.സിയുടെ കോച്ചിങ് സ്റ്റാഫ് അംഗം ശമീൽ ചെമ്പകത്ത്, കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി ഹൈദരാബാദിന്‍റെ മധ്യനിര കളിക്കാരൻ അബ്ദുൽ റബീഹ്. ആറുവർഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുമ്പോൾ ഹൈദരാബാദിനെ മുട്ടുക്കുത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വിവ കേരളക്കും മുഹമ്മദൻസിനും വേണ്ടി കളിച്ച ശമീൽ ചെമ്പകത്ത് റിസർവ് ടീമിന്‍റെ ഹെഡ് കോച്ചുമാണ്. പരിക്കിനെ തുടർന്ന് ഫുട്ബാളിൽനിന്ന് വിരമിച്ച ഇദ്ദേഹം 2017ൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ അണ്ടർ 15 മാനേജറായിരുന്നു. 2019ൽ കേരള പ്രീമിയർ ലീഗിന്‍റെ 2019-20 സീസൺ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയപ്പോൾ റിസർവ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചുമായിരുന്നു. 1998ൽ സെയിൽ ഫുട്ബാൾ അക്കാദമിക്ക് വേണ്ടിയാണ് ആദ്യമായി ബൂട്ടണിയുന്നത്. 2004ൽ വിവ കേരളയുടെ ജേഴ്സിയണിഞ്ഞു.
2005ൽ ഗോവയിലെ വാസ്കോ സ്പോർട്സ് അക്കാദമിക്ക് വേണ്ടി കളത്തിലിറങ്ങി. മുഹമ്മദൻസ് ടീമിൽ അംഗമായിരിക്കെ കാലിന് പരിക്കേറ്റു. 2007ൽ ഒളിമ്പിക്സിന് മുന്നോടിയായി നടത്തിയ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. 2009ൽ 23ാം വയസ്സിൽ കളിയിൽനിന്ന് വിരമിച്ചു. 2014ൽ ഫുട്ബാൾ കോച്ചിങ് മേഖലയിലേക്ക് തിരിയുകയായിരുന്നു. 2017ൽ എ.എഫ്.സി കോച്ചിങ് ലൈസൻസ് സ്വന്തമാക്കി. തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അണ്ടർ 15 ടീമിന്‍റെ കോച്ചായി ചുമതലയേൽക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ സഹൽ അബ്ദുൽ സമദ്, മുംബൈ സിറ്റിയുടെ മുഹമ്മദ് റാക്കീപ് എന്നിവരെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.
കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശിയായ അബ്ദുൽ റബീഹ് ഹൈദരാബാദിന്‍റെ മധ്യനിര കളിക്കാരനാണ്. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡിറി സ്കൂളിൽനിന്ന് ഫുട്ബാളിന്‍റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ഈ 21കാരൻ ബംഗളൂരു എഫ്.സി അണ്ടർ 16 ടീമിൽ അംഗമായി. 2019ൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ അംഗമായി. 2020ൽ ലൂകാ സോക്കർ ക്ലബുമായി കരാറിലേർപ്പെട്ടു. 2021 ജൂണിലാണ് ഹൈദരാബാദ് ടീമിൽ അംഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.