മലപ്പുറം: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരോടുള്ള സർക്കാർ അവഗണനക്കെതിരെ രക്ഷിതാക്കൾ തെരുവിലിറങ്ങുന്നു. ഈ മാസം 19ന് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് രക്ഷിതാക്കളുടെ സംഘടനയായ ‘പെയ്ഡ്’ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇത്തരം കുട്ടികളെ പരിപാലിക്കുന്ന രക്ഷിതാക്കളുടെ അവസ്ഥ സർക്കാർ മനസ്സിലാക്കണം. നിയമവും ചട്ടവും അനുസരിച്ച് പല ആനുകൂല്യങ്ങളുമുണ്ടെങ്കിലും അതൊന്നും ലഭ്യമവാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഭിന്നശേഷി അവകാശനിയമം (ആർ.പി.ഡബ്ല്യൂ.ഡി ആക്ട് 2016) പൂർണമായും നടപ്പാക്കുക, സ്പെഷൽ സ്കൂളുകൾക്ക് നൽകുന്ന പാക്കേജ് തുക വർധിപ്പിക്കുക, 18 വയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാരുടെ പുനഃരധിവാസം ഉറപ്പുവരുത്തുക, വൊക്കേഷൻ ട്രെയിനിങ് സെന്ററുകൾക്ക് ബജറ്റിൽ ആവശ്യമായ തുക നീക്കിവെക്കുക, നീക്കിവെച്ച തുക കൃത്യമായി വിതരണം ചെയ്യുക, മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളും സാമൂഹികനീതിയും നിഷേധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രക്ഷിതാക്കൾ സമരത്തിനിറങ്ങുന്നത്. ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്ക് പോലും രക്ഷിതാക്കൾക്ക് ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്.
ഇത്തരം കുട്ടികളെ പരിപാലിക്കുന്ന രക്ഷിതാക്കൾക്കായി ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള പെൻഷൻ കൃത്യമായി ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പാരന്റ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബ്ൾഡ് (പെയ്ഡ്) സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഷൗക്കത്തലി, ജില്ല പ്രസിഡന്റ് എ.കെ.എം.എ. മജീദ്, ജില്ല സെക്രട്ടറി മുഷ് രിഫ്, സുമേഷ്, മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.