മലപ്പുറം: ജില്ല വനിത ശിശു വികസന വകുപ്പിന് കീഴില്‍ മഹിള ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച ഡിസ്ട്രിക്ട് ലെവൽ സെൻറർ ഫോർ വുമണില്‍ യോഗ്യതയുള്ള പലരെയും അഭിമുഖത്തിന് വിളിച്ചില്ലെന്ന് പരാതി. വുമണ്‍ വെല്‍ഫെയര്‍ ഓഫിസര്‍, ജില്ല കോഓഡിനേറ്റര്‍ തസ്തികകളിൽ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് വെള്ളിയാഴ്ചയാണ് സിവിൽ സ്റ്റേഷനിൽ അഭിമുഖം നടത്തിയത്. രണ്ട് തസ്തികകളിലേക്കും 97 പേർ അപേക്ഷ നൽകി. അഭിമുഖം മാത്രമാണ് ഉണ്ടായിരുന്നത്. പലരെയും മെയിൽ വഴിയോ ഫോൺ വഴിയോ അഭിമുഖ വിവരം അറിയിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. സിവിൽ സ്റ്റേഷനിലെ ഓഫിസിൽ ബന്ധപ്പെട്ടപ്പോഴാണ് അഭിമുഖം കഴിഞ്ഞ വിവരം പലരും അറിയുന്നത്.
വുമണ്‍ വെല്‍ഫെയര്‍ ഓഫിസര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സില്‍ മാസ്റ്റർ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വനിതകളുമായി ബന്ധപ്പെട്ട പദ്ധതികള്‍/ പ്രോഗ്രാമുകള്‍ നിർവഹണം നടത്തിയ പരിചയവും ഉണ്ടായിരിക്കണം എന്നതായിരുന്നു യോഗ്യത. ഒരു ഒഴിവാണുണ്ടായിരുന്നത്.
ജില്ല കോഓഡിനേറ്റര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ വര്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വനിതകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍/വിഷയങ്ങള്‍ സംബന്ധിച്ച് കൈകാര്യം ചെയ്ത പരിചയവും ഉണ്ടായിരിക്കണം. രണ്ട് ഒഴിവുകളാണുണ്ടായിരുന്നത്. എന്നാൽ, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ പി.എച്ച്ഡി നേടിയവർക്ക് പോലും അഭിമുഖ വിവരം നൽകിയിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഉയർന്ന പ്രായപരിധി 35 വയസ്സായിരുന്നെങ്കിലും പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള ഇളവ് പാലിക്കപ്പെട്ടിട്ടില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.
എന്നാൽ, അപേക്ഷയോടൊപ്പം മുഴുവൻ രേഖകൾ ഉൾപ്പെടെ സമർപ്പിച്ചവരെ മാത്രമാണ് അഭിമുഖത്തിന് വിളിച്ചതെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ജില്ല വുമൺ ആൻഡ് ചൈൽഡ് ഓഫിസർ ഹഫ്സത്ത് പറഞ്ഞു. 35 വയസ്സായവരെ അഭിമുഖത്തിന് വിളിച്ചില്ലെന്ന പരാതി പരിശോധിക്കും. 40 പേരെ അഭിമുഖത്തിന് വിളിച്ചതിൽ 27 പേർ ജില്ല വുമൺ ഓഫിസർ തസ്തികയിലേക്കും 13 പേർ ജില്ല കോഓഡിനേറ്റർ തസ്തികയിലേക്കുമായിരുന്നു. എല്ലാവരെയും ഫോൺ വഴിയും മെയിൽ വഴിയും അഭിമുഖ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.