നെന്മാറ: മരിച്ചെന്ന് കരുതിയ ആൾ നാലര പതിറ്റാണ്ടിന് ശേഷം തിരിച്ചെത്തി; സിനിമാക്കഥയെപ്പോലും വെല്ലുന്ന സംഭവവികാസങ്ങൾക്കൊടുവിൽ. നാട്ടുകാരും വീട്ടുകാരും മരിച്ചെന്ന് കരുതിയ കൂമട യൂസഫാണ് അപ്രതീക്ഷിതമായി ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തിയത്.
39ാം വയസ്സിൽ ആയിലൂർ കയറാടിയിലെ ആലമ്പള്ളത്തെ വീട്ടിൽനിന്ന് നാടുവിട്ടുപോയ യൂസഫിനെ (86) ഏറെക്കാലം ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭ്യമായില്ല. വീട്ടുകാരെ കാണാനുള്ള ദീർഘകാലത്തെ ആഗ്രഹത്തെ തുടർന്നാണ് യൂസഫ് നാട്ടിലെത്തിയത്. 47 വർഷത്തെ അകലം നാട്ടിലുണ്ടാക്കിയ മാറ്റത്തെ തുടർന്ന് യൂസഫിന് ആദ്യം ജന്മനാട് തിരിച്ചറിയാൻ ബുദ്ധിമുട്ടായി.
തിരിച്ചു പോകാനൊരുങ്ങിയെങ്കിലും, ആശുപത്രി, പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലെ പഴയ കെട്ടിടങ്ങൾ തിരിച്ചറിഞ്ഞതോടെ പഴയ ഓർമകൾ തിരിച്ചെത്തി. നെന്മാറയിൽനിന്ന് അടിപ്പെരണ്ട-പൂവച്ചോട് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നെങ്കിലും അപ്പോഴും നാട്ടിലെ വലിയ മാറ്റം ആശയക്കുഴപ്പമുണ്ടാക്കി. പരിചിത മുഖങ്ങളും പരിചയക്കാരെയും അന്വേഷിച്ചപ്പോൾ അവരെല്ലാം മരിച്ചു പോയിരുന്നു.
നാട്ടുകാരനാണ് മകളുടെ വീട് കാട്ടികൊടുത്തത്. ആലമ്പള്ളത്തുള്ള മൂത്തമകൾ സൈനബയുടെ വീട്ടിലാണ് എത്തിയത്. താടി വളർത്തിയ യൂസഫിനെ പലർക്കും ആദ്യം തിരിച്ചറിയാനായില്ല. മൂത്ത മകളുടെ ഭർത്താവ് സി.എം. യൂസഫ് ശബ്ദം കൊണ്ട് ആളെ തിരിച്ചറിഞ്ഞു.
വടക്കഞ്ചേരി സ്വദേശിയുടെ തോട്ടത്തിന്റെ മേൽനോട്ടക്കാരനായിരുന്നു യൂസഫ്. തോട്ടം ഉടമ വഴക്ക് പറഞ്ഞതിനുള്ള വിഷമത്തിലാണ് യൂസഫ് നാടുവിട്ടത്. കോയമ്പത്തൂർ, അട്ടപ്പാടി, മുക്കം, അരീക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് പല ജോലികളും ചെയ്താണ് യൂസഫ് ഇത്രയും കാലം ജീവിച്ചത്.
ഇതിനിടെ വീട്ടുകാരുമായി ബന്ധപ്പെടാൻ യൂസഫ് ശ്രമിച്ചില്ല. അട്ടപ്പാടിയിൽ വെച്ച് പുനർവിവാഹം കഴിച്ച യൂസഫ് ഭാര്യ വീട്ടുകാർ വഴിയാണ് അരീക്കോട് തൊഴിൽ തരപ്പെടുത്തിയത്. ഇതിനിടെ 27 വർഷം മുമ്പ് യൂസഫിന്റെ ആദ്യ ഭാര്യ പാത്തുമുത്ത് മരിച്ചു. വിവരം അറിയിക്കാനായി ബന്ധുക്കൾ പലവിധം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരം ലഭിക്കാതായതോടെ മരിച്ചെന്ന് ഉറപ്പിച്ചു. യൂസഫ് നാട്ടിലെത്തിയ വിവരമറിഞ്ഞ് മക്കളും പേരമക്കളും കാണാനെത്തി.
വാർധക്യസഹജമായ അസുഖങ്ങൾ മാറ്റിനിർത്തിയാൽ ആരോഗ്യവാനാണ്. മലപ്പുറം അരീക്കോട് താമസമാക്കിയ യൂസഫിന് പുനർവിവാഹത്തിൽ രണ്ട് പെൺമക്കളാണുള്ളത്. ഉറ്റവരെയും കുടുംബത്തെയും കാണണം. പിതാവും മാതാവും ഭാര്യയും അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയിലെത്തി പ്രാർഥിച്ച് തിരിച്ച് അരീക്കോട് പോകാനുള്ള തീരുമാനത്തിലാണ് യൂസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.