കരുവാരകുണ്ട്: കൽക്കുണ്ട് സി.ടി പടിയിലെ സ്വകാര്യ എസ്റ്റേറ്റിൽ കടുവയിറങ്ങി. തോട്ടം കാവലിനായി നിർത്തിയ രണ്ട് പട്ടികളെ കാണാനില്ല. ഒന്നിനെ കടുവ ഭക്ഷണമാക്കിയതായി സൂചന. സി.ടി പടി പാലത്തിന് സമീപത്തെ വേങ്ങര സ്വദേശി ഡോ. റുഖിയയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് കടുവയെത്തിയത്.
ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ എസ്റ്റേറ്റ് ജീവനക്കാരനായ ഝാർഖണ്ഡ് സ്വദേശിയാണ് കടുവയെ കണ്ടത്. ഈ തോട്ടത്തിൽ ചുണ്ടംപറ്റ ഷൗക്കത്തലിയാണ് റബർ, വാഴ, കമുക് കൃഷി നടത്തിവരുന്നത്. ഝാർഖണ്ഡ് സ്വദേശി ബഗ്ളാദാസാണ് തോട്ടത്തിലെ ജീവനക്കാരൻ. കൂട്ടിന് ആറ് നായ്ക്കളുമുണ്ട്. ഇതിൽ രണ്ടെണ്ണം ജർമൻ ഇനത്തിൽ പെട്ടവയാണ്. പുലർച്ചെ ഒരു മണിയോടെ എത്തിയ കടുവ ജർമൻ ഇനത്തിൽ പെട്ട നായയെ അക്രമിച്ച് കടിച്ചെടുത്തു കൊണ്ടുപോകുന്നത് ബഗ്ളാദാസ് കണ്ടു. മറ്റു നായ്ക്കൾ ഭയന്ന് നാലുപാടും ഓടുകയും ചെയ്തു. നേരം പുലർന്നപ്പോൾ നാലെണ്ണം തിരിച്ചെത്തി.
പരിസരങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടില്ല. കടുവയെ ഭയന്ന് കൂടുതൽ പരിശോധന നടത്തിയതുമില്ല. വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും വാഹനമില്ലെന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്. ജീവി കടുവ തന്നെയാണെന്ന് ബഗ്ളാദാസ് ഉറപ്പിച്ചു പറയുന്നു. എസ്റ്റേറ്റിന്റെ പരിസരങ്ങളിൽ തൊഴിലാളികൾ താമസിക്കുന്നുമുണ്ട്. കടുവ ഭീതി കാരണം ഞായറാഴ്ച ആരും ജോലിക്കിറങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.