മലപ്പുറം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിന് ഒരുവർഷം തികയാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ നഷ്ടപരിഹാരം ലഭിച്ചത് 75 പേർക്ക്. കഴിഞ്ഞവർഷം ആഗസ്റ്റ് ഏഴിനായിരുന്നു കോഴിക്കോട് വിമാനത്താവളത്തിൽ ദുബൈയിൽനിന്നെത്തിയ വിമാനം അപകടത്തിൽപെട്ടത്.
21പേർ മരിക്കുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 75 പേർക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. പരിക്കേറ്റ മറ്റുള്ളവരും മരിച്ചവരുടെ ബന്ധുക്കളും തുടർനടപടികൾക്ക് വിദേശത്തുള്ള നിയമസ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് നഷ്ടപരിഹാരം ലഭ്യമായോ എന്നതിനെക്കുറിച്ചറിയില്ലെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.
പരിക്കേറ്റവരിൽ 122 പേരും മരിച്ചവരിൽ ഒരാളുടെ ബന്ധുവുമാണ് വിമാനക്കമ്പനിയുമായി നഷ്ടപരിഹാരത്തിന് ബന്ധപ്പെട്ടത്. ഇതിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. ചികിത്സ പൂർത്തിയായശേഷം ബന്ധപ്പെടാമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ബാക്കിയുള്ളവർക്കാണ് നഷ്ടപരിഹാരം സംബന്ധിച്ച് വാഗ്ദാനപത്രം അയച്ചത്. ഇതിൽ ഒാഫർ സ്വീകരിച്ച 75 പേർക്ക് തുക ലഭിച്ചു.ബാക്കിയുള്ളവരിൽ 35 പേർക്കായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കോഴിക്കോട്ട് കൂടിക്കാഴ്ച നടക്കും.
പരിക്കേറ്റവരുടെ കക്ഷികളും അഭിഭാഷകരും വിമാനക്കമ്പനി- ഇൻഷുറൻസ് കമ്പനി പ്രതിനിധികളും അഭിഭാഷകരും ചർച്ച നടത്തിയ ശേഷമാകും തുക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. അംഗീകരിച്ചാൽ 48 മണിക്കൂറിനകം നഷ്ടപരിഹാരം അക്കൗണ്ടിലേക്ക് നൽകും. അതേസമയം, മരിച്ചവരിൽ ഒരാളുടെ ബന്ധുവിന് ഒാഫർ ലെറ്റർ നൽകിയിട്ടുണ്ടെങ്കിലും അംഗീകരിച്ചിട്ടില്ല.
മരിച്ച 18 പേരും പരിക്കേറ്റവരിൽ 25പേരും യു.എ.ഇ ആസ്ഥാനമായ സ്ഥാപനത്തെയും പരിക്കേറ്റ ബാക്കി 18 പേർ അമേരിക്ക ആസ്ഥാനമായ നിയമസ്ഥാപനത്തെയുമാണ് നഷ്ടപരിഹാരം ലഭിക്കാൻ ചുമതലപ്പെടുത്തിയത്. പരിക്കിെൻറ അവസ്ഥ, തുടർചികിത്സക്ക് വരുന്ന ചെലവ്, പരിക്ക് ജീവിതത്തിലുണ്ടാക്കിയ ആഘാതം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരം നിർണയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.