കൊല്ലം: മാപ്പിളപ്പാട്ടിലും അറബി പദ്യത്തിലും അറബി ഗാനത്തിലുമായി നാല് എ ഗ്രേഡുകൾ പത്താം ക്ലാസിലെ എ ഡിവിഷനിലേക്ക്. ഹൈസ്കൂൾ വിഭാഗം അറബിക് പദ്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയ എം. ദിൽന, പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയ എൻ. ഹഫ്ന ഫർഹ, ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് സ്വന്തമാക്കിയ അജ്സൽ സനീൻ എന്നിങ്ങനെ മൂന്നുപേരും കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ ഒരേ ക്ലാസിലെ വിദ്യാർഥികളാണ്.
ഹഫ്ന ഫർഹ മാപ്പിളപ്പാട്ടിനു പുറമെ, ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ സംഘത്തിലെ പ്രധാന ഗായികയാണ്. പതിനാലാം രാവ്, പട്ടുറുമാൽ എന്നീ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലെ താരവും.
എം. ദിൽന അറബിക് പദ്യത്തിനുപുറമെ, ഇതേ ഒപ്പന സംഘത്തിലെ ഗായികയാണ്. അജ്സൽ സനീൻ ഹൈസ്കൂൾ വിഭാഗം അറബി ഗാനം എ ഗ്രേഡ് നേടിയിരുന്നു. മൂവരും എട്ടു മുതൽ ഒരേ ക്ലാസിലാണ്.
അരീക്കോട്: അമ്മയ്ക്കും ഇളയമ്മയ്ക്കും പിന്നാലെ സംസ്ഥാന കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ പെരുമ കാത്ത് രോഹിത് കൃഷ്ണൻ. പിന്നണി ഗായിക രാധികാ നാരായണന്റെ മകനും അരീക്കോട് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയുമാണ് രോഹിത്.
തുടർച്ചയായ രണ്ടാം തവണയാണ് ഈ മിടുക്കൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടുന്നത്. അമ്മ രാധികയും അനിയത്തി അംബികയും വർഷങ്ങൾക്കു മുമ്പ് സംസ്ഥാനതലത്തിൽ ലളിതഗാന മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.
അംബിക ഒരുതവണ ഒന്നാമതും രാധിക രണ്ടാമതും എത്തി ഇരുവരും മൂന്നുതവണ എ ഗ്രേഡും നേടി. അമ്മയുടെ ശിക്ഷണത്തിലാണ് രോഹിത് സംഗീതം പഠിക്കുന്നത്. പടച്ചോനെ ഇങ്ങള് കാത്തോളീ, കാത്തു കാത്തിരിപ്പു ഉൾപ്പെടയുള്ള സിനിമകളിൽ പാടിയ രാധിക ചാനൽ റിയാലിറ്റി ഷോയിലെ ജൂറി അംഗവുമാണ്.
കൊല്ലം: സ്വന്തം സുഖങ്ങൾക്കുവേണ്ടി മക്കളെ മറക്കുന്ന രക്ഷാകർത്താക്കൾക്ക് നേരെ ചാട്ടുളിപോലെ വന്ന് പതിക്കുന്നൊരു ചോദ്യം... ‘‘അല്ലയോ മനുഷ്യരേ... നിങ്ങൾ ഇത്രയും അധഃപതിച്ചുവോ’’. ഇത് മുഴങ്ങിക്കേട്ടത് സംസ്ഥാന അറബിക് കലോത്സവത്തിലെ നാടകവേദിയിലാണ്. മനുഷ്യരുടെ ദുഷ്ചെയ്തികൾ കണ്ട് മടുത്ത മൃഗങ്ങളുടെ കഥാപാത്രമാണ് ഇത്തരം രക്ഷാകർത്താക്കളെ ചോദ്യം ചെയ്യുന്നത്.
പി.പി.എം എച്ച്.എസ്.എസ് കൊട്ടൂക്കരയിലെ കുട്ടികൾ അവതരിപ്പിച്ച ‘ഞങ്ങൾ അനാഥർ’ എന്ന നാടകമാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയത്. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം അറബിക് അധ്യാപിക റസിയ പനമ്പുലാക്കൽ രചന നിർവഹിച്ച നാടകം, സംവിധാനം ചെയ്തത് അധ്യാപകൻ ഔസാഫ് അഹ്സനാണ്. കുട്ടികൾ അനുഭവിക്കുന്ന വേദനകൾ പ്രമേയമാക്കിയ നാടകം ഭാഷാമികവുകൊണ്ടും അഭിനയ മികവുകൊണ്ടും ശ്രദ്ധനേടി. നാലാം തവണയാണ് സ്കൂൾ സംസ്ഥാന തലത്തിൽ അറബിക് നാടകമത്സരത്തിൽ എ ഗ്രേഡ് നേടുന്നതെന്ന് അധ്യാപകർ പറഞ്ഞു.
കൊല്ലം: പ്രസംഗം വെല്ലുവിളി ഉയർത്തിയപ്പോൾ ട്രാക്ക് മാറ്റി കഥാപ്രസംഗമെന്ന മോഹത്തിലേക്കെത്തി അന്ന വൈദേഹി. ആ മോഹവും മനസ്സിലിട്ട് പത്താം ക്ലാസിൽ പുതുതായി ചേർന്ന മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിൽ ഓടിനടന്ന് സ്വന്തമായൊരു കഥാപ്രസംഗ ടീമിനെയും കൂടെകൂട്ടി. ഒടുവിൽ ജില്ല സ്കൂൾ കലോത്സവത്തിൽ രണ്ടാംസ്ഥാനവും പിടിച്ച് വീട്ടിലേക്ക് മകൾ വന്ന് കയറിയപ്പോഴാണ് അച്ഛന് ആ ഇഷ്ടത്തിന്റെ വ്യാപ്തി മനസ്സിലായത്.
സിനിമ സംവിധായകനായും എഴുത്തുകാരനായും പ്രശസ്തനായ ഉണ്ണികൃഷ്ണൻ ആവള എന്ന ആ അച്ഛന് ശരിക്കും വെല്ലുവിളിയായിരുന്നു മകൾ നൽകിയത്. സംസ്ഥാന വേദിയിൽ അവൾക്ക് പറയാൻ വേണ്ടി പുതിയ കഥ കണ്ടെത്തണം.
ജില്ലയിൽ ഒലിവർ ട്വിസ്റ്റ് അവതരിപ്പിച്ചപ്പോൾ പഴയ കഥയെന്ന് വിധികർത്താവ് പറഞ്ഞത് കണക്കിലെടുത്ത് സംസ്ഥാനത്തേക്ക് അപ്പീൽ അനുകൂലമായാൽ പുതിയ കഥ എഴുതി നൽകാമെന്ന് അദ്ദേഹം വാക്കുകൊടുത്തിരുന്നു. ഏറ്റവും മികച്ച കഥകളിലൊന്ന് സ്വന്തം കൈയിലുള്ളപ്പോൾ എന്തിന് വേറെ അന്വേഷിക്കണം. അങ്ങനെ സ്വന്തം സിനിമാക്കഥ തന്നെ മകൾക്കായി കഥാപ്രസംഗമാക്കി എഴുതി നൽകി ഉണ്ണികൃഷ്ണൻ ആവള.
പതിറ്റാണ്ട് മുമ്പ് ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘അറനാടർ’ എന്ന സ്വന്തം കഥ പിന്നീട് ‘ലാസ്റ്റ് പേജ്’ എന്ന ഡോക്യുമെന്ററിയും പുതിയ സിനിമയുടെ ഇതിവൃത്തവുമാക്കി മാറ്റിയതാണ് മകൾക്ക് വേദിയിലവതരിപ്പിക്കാനുള്ള കഥയുമാക്കിയത്. ആ കഥ സംസ്ഥാന കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ അന്ന വൈദേഹിക്കും കൂട്ടുകാർക്കും എ ഗ്രേഡും സമ്മാനിച്ചു.
നിലമ്പൂരിലെ അറനാടർ വിഭാഗക്കാരെ അടിയന്തരാവസ്ഥകാലത്ത് നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയതാണ് കഥയുടെ ഇതിവൃത്തം. അന്ന വൈദേഹിയും അമൃതശ്രീയും ഫാത്തിമ ഷിഫ്നയും ബെന്നറ്റ് മാത്യുവും നിവേദ് എസ്. രാജും അടങ്ങുന്ന സംഘം വേദിയിൽ നിറഞ്ഞ കൈയടിയും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.