തിരൂർ: സ്വന്തം കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കൊടക്കൽ സബ് രജിസ്ട്രാർ ഓഫിസ് ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. ആലത്തിയൂരിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്.
രണ്ടുവർഷം മുമ്പാണ് പ്രദേശവാസിയായ എരിഞ്ഞിക്കത്ത് അരീസ് ഹാജി സബ് രജിസ്ട്രാർ ഓഫിസിന് സ്വന്തം കെട്ടിടം നിർമിക്കാൻ തൃപ്രങ്ങോട് പഞ്ചായത്തിലെ കുട്ടിച്ചാത്തൻ പടിയിൽ ഭൂമി സൗജന്യമായി നൽകിയത്. തുടർന്ന് വകുപ്പിൽനിന്ന് പണം ചെലവഴിച്ച് ഇരുനില കെട്ടിടം ആറുമാസത്തിനകം പൂർത്തിയാക്കി.
കെട്ടിട നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം നീണ്ടു. പ്രതിഷേധങ്ങൾ ഉയർന്നതോടെ മാസങ്ങൾക്കുശേഷം മേയ് 16ന് മന്ത്രി വി.എൻ. വാസവൻ സബ് രജിസ്ട്രാർ ഓഫിസ് ഉദ്ഘാടനം ചെയ്തു. എന്നാൽ, ഇവിടെ കാബിൻ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് സബ് രജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം ഇപ്പോഴും വാടക കെട്ടിടത്തിൽ തുടരുകയാണ്. കൊടക്കൽ സബ് രജിസ്ട്രാർ ഓഫിസിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ആലത്തിയൂരിലേക്ക് മാറ്റിയശേഷം മുതൽ വിവിധ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തനം. തൃപ്രങ്ങോട്, പുറത്തൂർ, മംഗലം, തിരുനാവായ, അനന്താവൂർ, തലക്കാട്, വെട്ടം എന്നീ വില്ലേജുകൾ കൊടക്കൽ സബ് രജിസ്ട്രാർ ഓഫിസിന്റെ പരിധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.