മലപ്പുറം: കോട്ടപ്പടി മാർക്കറ്റ് സമുച്ചയ നിർമാണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി കരാറുകാരന് 2018ലെ ഡി.എസ്.ആർ നിരക്ക് പ്രകാരം പ്രവൃത്തി ഏറ്റെടുത്ത് നടത്താൻ കഴിയുമോ എന്ന കാര്യം പരിശോധിക്കാൻ സംസ്ഥാന ചീഫ് എൻജിനീയർക്ക് കത്തയക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. കത്തിൽ അനുകൂല മറുപടി ലഭിച്ചാൽ കരാറുകാരന് പ്രവൃത്തി പുനരാരംഭിക്കാം. 2016ലെ ഡി.എസ്.ആർ നിരക്ക് പ്രകാരമായിരുന്നു ഇതുവരെ പ്രവൃത്തി നടത്തിയത്. ഇനിയും ഈ തുകക്ക് പ്രവൃത്തിയെടുത്താൻ കടുത്ത സാമ്പത്തിക ബാധ്യത വരുമെന്ന് കരാറുകരാൻ നഗരസഭയെ അറിയിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചീഫ് എൻജിനീയർക്ക് കത്ത് നൽകാൻ നഗരസഭ തീരുമാനിച്ചത്. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിന്റെ(കെ.യു.ആർ.ഡി.എഫ്.സി) വായ്പ തുക ആദ്യ ഗഡു ഒരു കോടി രൂപ ആഗസ്റ്റിൽ നഗരസഭക്ക് ലഭിച്ചിരുന്നു. ഇതുവരെ രണ്ടര കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ കരാറുകാരൻ പൂർത്തിയാക്കിയിരുന്നു. ബിൽ തുക ലഭിക്കാതെവന്നതോടെ 2022 ഫെബ്രുവരിയിൽ പണി നിർത്തിവെക്കുകയായിരുന്നു. 12 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന് 10 കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി വായ്പയും രണ്ട് കോടി നഗരസഭ ഫണ്ടുമാണ്.
മലപ്പുറം: ചെറാട്ടുകുഴി-എം.ബി.എച്ച് ലിങ്ക് റോഡ് ഏറ്റെടുക്കുന്ന വിഷയം അടുത്ത യോഗത്തിൽ ചർച്ച ചെയ്യാൻ കൗൺസിൽ തീരുമാനം. ഹൈകോടതിയിൽ സംഭവത്തിൽ കേസ് നിലവിലുണ്ട്. ഇതുകൊണ്ട് പ്രശ്നം വിശദമായി പഠിച്ച് നഗരസഭ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പഠിച്ച് തീരുമാനമെടുക്കാമെന്ന് യോഗം തീരുമാനിച്ചു.
മലപ്പുറം: വയോജനങ്ങള്‍ക്ക് ആശ്രയമായിരുന്ന വയോമിത്രം പദ്ധതിയിൽ രോഗികൾക്ക് മരുന്ന് ലഭിക്കില്ലെന്ന് കൗൺസിലിൽ പരാതി. പ്രതിപക്ഷ അംഗങ്ങളാണ് പരാതിയുമായി രംഗത്തുവന്നത്. സർക്കാർ മരുന്ന് അനുവദിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് യോഗത്തിൽ അധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. വിഷയത്തിൽ ഇടപെട്ട് മരുന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി വയോജനങ്ങളാണ് മരുന്ന് ലഭിക്കാത്തതു കാരണം പ്രയാസം നേരിടുന്നതെന്ന് അധ്യക്ഷൻ വിശദീകരിച്ചു. നഗരസഭയില്‍ 4000ത്തിലധികം ഗുണഭോക്താക്കളാണ് പദ്ധതിക്ക് കീഴിലുള്ളത്. വയോമിത്രം കേന്ദ്രത്തിലെത്തിയാല്‍ സൗജന്യമായി ചികിത്സയും മരുന്നും ലഭിക്കുന്നതാണ് പദ്ധതി.
മലപ്പുറം: നഗരസഭയിലെ ജനറൽ വിഭാഗത്തിൽ ജീവനക്കാരുടെ കുറവ് പെൻഷൻ അപേക്ഷ അംഗീകരിക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് അധ്യക്ഷൻ. മൂന്നു മാസമായി ജനറൽ വിഭാഗത്തിൽ ആളില്ലാത്തതു കാരണം പെൻഷൻ അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയാണ്. ഏഴ് ക്ലർക്കുമാരുടെ കുറവാണ് ഇപ്പോൾതന്നെ സെക്ഷനിൽ കുറവുള്ളത്. റവന്യൂ വിഭാഗത്തിലെ ജീവനക്കാരന് താൽക്കാലിക ചുമതല നൽകിയാണ് അപേക്ഷ പരിശോധന നടക്കുന്നത്. പുതിയ നിയമനങ്ങൾ നടന്നില്ലെങ്കിൽ പ്രശ്നം രൂക്ഷമാകുമെന്ന് അധ്യക്ഷൻ യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.