മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ടെർമിനലിന്റെ രണ്ടാംഘട്ട വികസനത്തിന് 2024-25 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പി. ഉബൈദുല്ല എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ടെർമിനൽ വികസനവുമായി ബന്ധപ്പെട്ട് വിവിധ നിർദേശങ്ങൾ ഉയർന്നു. നിലവിലെ ടെർമിനൽ കെട്ടിടത്തിന്റെ വൈദ്യുതീകരണം മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിക്കണം, അഗ്നിരക്ഷ സേനയുടെ എൻ.ഒ.സി വാങ്ങണം, ഔട്ട് ഡോർ ട്രാൻസ്ഫോർമർ സ്ഥാപിക്കണം, എസ്കലേറ്റർ, ലിഫ്റ്റ് എന്നിവ സ്ഥാപിക്കണം, ചുറ്റുമതിൽ നിർമിക്കണം, നിലവിൽ, സ്റ്റേഷൻ മാസ്റ്റർ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് പിറകിലായി ദേശീയ പാതക്ക് അഭിമുഖമായി കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിക്കണം, ജീവനക്കാരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പ്രത്യേക ഷെഡ് വേണം, പുതിയ കെട്ടിടത്തിലെ ലെവൽ ഒന്നിൽ സെൻട്രലൈസ്ഡ് എ.സി സംവിധാനം സ്ഥാപിക്കണം എന്നിവയാണ് ഉയർന്ന നിർദേശങ്ങൾ. ടെർമിനൽകെട്ടിടത്തിന്റെ ഏറ്റവും മുകളിൽ 500 ചതുരശ്ര അടി സ്ഥലം ജീവനക്കാർക്ക് സ്റ്റേ റൂം, ബാത്ത് റൂം എന്നിവക്ക് നീക്കിവെക്കും. കെ.എസ്.ആർ.ടി.സി കോംപ്ലക്സിനും ഗ്യാരജിനും ഇടയിലുള്ള സ്ഥലത്ത് വാഷിംഗ് യാർഡ് നിർമിക്കും. ഇതിനുപുറകിലുള്ള കരിങ്കൽ ഭിത്തി മാറ്റി കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തണം. എല്ലാ നിലകളിലെയും സിവിൽ വർക്കുകൾ പൂർത്തീകരിക്കണമെന്നും നിർദേശമുയർന്നു. ഇലയെല്ലാം കെ.എസ്.ആർ.ടി.സി എം.ഡിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചീഫ്ഓഫിസിലെ പരിശോധനക്കുശേഷമാണ് എസ്റ്റിമേറ്റ് നടപടികളിലേക്ക് കടക്കൂ. കെ.എസ്.ആർ.ടി.സിയിലെ സിവിൽ പ്രവൃത്തികളുടെ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ്. ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എ. അൻസാർ, കെ. സുധീഷ് കുമാർ, ടി. രംഗനാഥൻ, സജീവ് എന്നിവർ പങ്കെടുത്തു.
മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പുനരാരംഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സം നീങ്ങുന്നു. എം.എൽ.എ ഫണ്ടിലുള്ള രണ്ടു കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകി കലക്ടർ കത്ത് നൽകും. കലക്ടർ വി.ആർ. വിനോദുമായി പി. ഉബൈദുല്ല എം.എൽ.എ വെള്ളിയാഴ്ച നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രവൃത്തിയുടെ മേൽനോട്ടച്ചുമതല കെ.എസ്.ആർ.ടി.സി സിവിൽ വിംഗിൽനിന്നും പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് സർക്കാർ കൈമാറിയതായി കാണിച്ചാണ് കലക്ടർ കത്ത് നൽകുക.
ഇതോടെ ത്രികക്ഷി കരാറിനുള്ള തടസ്സങ്ങൾ നീങ്ങി. പ്രവൃത്തി പുനരാരംഭിക്കുന്നിതിന് കരാറുകാരനും കെ.എസ്.ആർ.ടി.സിയും പൊതുമരാമത്തു വകുപ്പും ത്രികക്ഷി കരാറിൽ ഒപ്പുവെക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.