മലപ്പുറം: സംസ്ഥാനത്തെ കുടുംബശ്രീ സി.ഡി.എസുകളിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന അക്കൗണ്ടന്റുമാരുടെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം. സ്ഥലംമാറ്റ ഉത്തരവിറക്കിയ കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. നിയമന ഉത്തരവിലോ വിജ്ഞാപനത്തിലോ പ്രതിപാദിക്കാതെയുള്ള സ്ഥലംമാറ്റം കരാർ ജീവനക്കാർക്കിടയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ഇതാദ്യമായാണെന്നാണ് ആക്ഷേപം. ഒരു വകുപ്പിലും കരാർ ജീവനക്കാരെ സ്ഥിരനിയമനം ലഭിച്ച ജീവനക്കാരെ പോലെ സ്ഥലം മാറ്റാറില്ലെന്നും ജീവനക്കാർ പറയുന്നു.
ഒരേ സ്ഥലത്തുതന്നെ കാലങ്ങളായി ജോലി ചെയ്യുന്നത് അഴിമതിക്ക് വഴിവെക്കുമെന്നും ചില സി.ഡി.എസുകളിൽ നടന്ന അഴിമതികൾക്ക് ഉത്തരവാദി അക്കൗണ്ടന്റുമാരാണെന്നും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 2009ൽ ഇങ്ങനെ ഒരു തസ്തിക ഉണ്ടാക്കുന്ന ഘട്ടത്തിൽ പോലും സ്ഥലംമാറ്റം എന്നത് ഒരു ചർച്ചയിലോ രേഖകളിലോ വന്നിട്ടില്ല. കരാർ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. സർവിസിൽ പ്രവേശിച്ച് 15 വർഷം പിന്നിടുമ്പോഴാണ് ഒരു കൂടിയാലോചനയും നടത്താതെ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് ഇറക്കിയതെന്നും ജീവനക്കാർ ആരോപിക്കുന്നു. അപ്രതീക്ഷിത സ്ഥലംമാറ്റം കുടുംബശ്രീ മിഷന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്നും പരാതിയുണ്ട്. ബിരുദധാരികളായ അക്കൗണ്ടന്റുമാർക്ക് കരാർ വ്യവസ്ഥപ്രകാരം ലഭിക്കുന്നത് 12,000 രൂപയാണ്. സ്ഥലംമാറ്റം നടപ്പാക്കുമ്പോൾ ഇത്തരം ജീവനക്കാർക്ക് കടുത്ത സാമ്പത്തിക പ്രയാസമുണ്ടാവുമെന്നും ആക്ഷേപമുണ്ട്.
അതേസമയം, ഒരേസ്ഥലത്തുതന്നെ കാലങ്ങളായി ജോലിചെയ്യുന്നത് അഴിമതിക്ക് വഴിവെക്കുമെന്നാണ് കുടുംബശ്രീ മിഷന്റെ വാദം. കഴിഞ്ഞ കാലയളവിൽ ചില സി.ഡി.എസുകളിൽ അക്കൗണ്ടന്റുമാരുടെ അറിവോടെ ചില സാമ്പത്തിക തിരിമറികൾ ശ്രദ്ധയിൽ പെട്ടതിനു ശേഷമാണ് സ്ഥലംമാറ്റ നടപടികളിലേക്ക് കുടുംബശ്രീ മിഷൻ കടക്കുന്നതെന്നാണ് വിവരം. ആരെയും ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റുന്നില്ലെന്നും വിവിധ ബ്ലോക്കുകളിലേക്ക് മാത്രമാണ് മാറ്റുന്നതെന്നും കുടുംബശ്രീ അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.