മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവ മാന്വലിലെ മാറ്റങ്ങൾക്കെതിരെ ഭാഷാധ്യാപകർ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാർച്ചിൽ സംഘർഷം. അറബിക്, സംസ്കൃത കലോത്സവം നിലനിർത്തുക, മാന്വൽ വിരുദ്ധമായി കലോത്സവങ്ങൾ നടത്താനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭാഷാധ്യാപക സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. 31 അധ്യാപകരെ അറസ്റ്റ് ചെയ്യുകയും കണ്ടാലറിയാവുന്ന 50ഓളം അധ്യാപകർക്കെതിരെ മലപ്പുറം പൊലീസ് കേസെടുക്കുകയും ചെയ്തു. അറസ്റ്റിലായ അധ്യാപകരെ പിന്നീട് ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ്, വൈസ് പ്രസിഡന്റ് എസ്.എ. റസാഖ്, ജില്ല ജനറൽ സെക്രട്ടറി ടി.സി. അബ്ദുൽ ലത്തീഫ്, ട്രഷറർ എം.പി. ഫസൽ, സംസ്കൃത അധ്യാപക ഫെഡറേഷന് ഭാരവാഹികളായ റിയാസ്, ഹരീഷ്, ശ്രീശന്, പ്രവീണ്‍, സ്റ്റാന്‍ലി ഗോമസ് തുടങ്ങിയവരാണ് അറസ്റ്റിലായത്. ഡി.ഡി.ഇ ഓഫിസിന് മുൻവശത്ത് റോഡിൽ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് നീക്കംചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്ന് അധ്യാപകർ പറഞ്ഞു. മറ്റൊരു അധ്യാപകനെയും പൊലീസ് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അധ്യാപകർ പ്രതിഷേധവുമായി എത്തിയതോടെ സാധിച്ചില്ല. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് അധ്യാപകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. അതേസമയം, ഗതാഗതക്കുരുക്കുണ്ടായ സാഹചര്യത്തിൽ സമരക്കാരോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും തുടർന്ന് ഇവരെ നീക്കംചെയ്യുന്നതിനാവശ്യമായ സ്വാഭാവിക നടപടികളാണ് സ്വീകരിച്ചതെന്നും മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു.
കലോത്സവത്തിലെ പുതിയ നിർദേശങ്ങൾ: തീരുമാനത്തിൽ നിന്ന് പിൻമാറി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: സ്കൂള്‍ കലോത്സവ യൂസർ ഗൈഡിലെ പുതിയ നിർദേശങ്ങളിൽ നിന്ന് പിൻവലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. അറബിക്, സംസ്കൃത കലോത്സവങ്ങളെ ഇല്ലാതാക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നിരുന്നു. തീരുമാനത്തിനെതിരെ ബുധനാഴ്ച ഡി.ഡി.ഇ ഓഫിസുകളിലേക്ക് ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടന്നു. ഇതിനിടെയാണ് തീരുമാനത്തിൽ നിന്ന് അധികൃതർ പിന്നാക്കം പോയിരിക്കുന്നത്.
കലോത്സവത്തോടനുബന്ധിച്ച് നടത്തുന്ന അറബിക്, സംസ്കൃത കലോത്സവം എന്നിവക്ക് സ്കൂള്‍തലത്തില്‍ ആ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത മൂന്നിനങ്ങളിലും ഗ്രൂപ്പ് തലത്തിലെ രണ്ട് ഇനങ്ങളിലും നിലവിൽ പങ്കെടുക്കാമായിരുന്നു. അറബിക് കലോത്സവം, സംസ്കൃതോത്സവം എന്നിവക്ക് പ്രത്യേക പോയന്റ് നൽകി ഓവറോള്‍ കൊടുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇവ പ്രത്യേകമായി നടത്തുന്ന മത്സരങ്ങളായതിനാൽ പങ്കെടുക്കുന്നവർക്ക് ജനറല്‍ വിഭാഗത്തിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ തടസ്സമുണ്ടായിരുന്നില്ല.
ഈ വർഷം അറബിക്, സംസ്കൃതം കലോത്സവം പ്രത്യേകമായി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശം.
ഇതോടെ അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ മൂന്നിനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെല്ലാം ജനറല്‍ വിഭാഗങ്ങളില്‍ മത്സരിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയായി. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിൽ നിന്ന് യു ടേൺ അടിച്ചത്. ബുധനാഴ്ച ഉച്ച മുതൽ നിലവിലുള്ള രീതിയിൽ തന്നെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.