മഞ്ചേരി: ശക്തമായ േപാരാട്ടത്തിനൊടുവിൽ മഞ്ചേരി നഗരസഭ ഭരണം നിലനിർത്താൻ യു.ഡി.എഫിന് സാധിച്ചെങ്കിലും മുസ്ലിംലീഗ് കോട്ടകളിൽ വിള്ളൽ വീണു. കൈയിലുണ്ടായിരുന്ന എട്ട് സീറ്റുകളാണ് ലീഗിന് നഷ്ടമായത്. ചെട്ടിയങ്ങാടി, പുന്നക്കുഴി, നെല്ലിക്കുത്ത് എൽ.പി സ്കൂൾ, ചാലുകുളം, പുല്ലഞ്ചേരി, ഉള്ളാടംകുന്ന്, നറുകര, രാമൻകുളം എന്നീ സിറ്റിങ് സീറ്റുകളാണ് എൽ.ഡി.എഫും സ്വതന്ത്ര സ്ഥാനാർഥിയും എസ്.ഡി.പി.ഐയും ചേർന്ന് പിടിച്ചെടുത്തത്. കഴിഞ്ഞതവണ 28 സീറ്റ് നേടിയ ലീഗ് ഇത്തവണ 23ലൊതുങ്ങി. എട്ട് സീറ്റ് നഷ്ടമായെങ്കിലും മൂന്ന് സീറ്റ് പിടിച്ചെടുക്കാനായത് ആശ്വാസമായി. ചെരണി, നെല്ലിപ്പറമ്പ്, മാര്യാട് വാർഡുകളാണ് പിടിച്ചെടുത്തത്. ചെട്ടിയങ്ങാടി വാർഡിൽ കഴിഞ്ഞ തവണ 107 വോട്ടിനാണ് കെ.പി. ഉമ്മർ വിജയിച്ചത്. ഇത്തവണ 21 വോട്ടിന് സീറ്റ് പിടിച്ചെടുക്കാൻ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ബീന തേരിക്ക് സാധിച്ചു.
പുന്നക്കുഴി വാർഡിൽ നിന്ന് 117 വോട്ടിെൻറ ഭൂരിപക്ഷത്തിന് ജയിച്ച ലീഗിന് ഇത്തവണ 43 വോട്ടിനാണ് സീറ്റ് നഷ്ടമായത്. ഭാര്യ സജ്ല വല്ലാഞ്ചിറയുടെ സീറ്റ് നിലനിർത്താൻ ഭർത്താവ് സക്കീർ വല്ലാഞ്ചിറ തന്നെ രംഗത്തിറങ്ങിയെങ്കിലും റിയാസ് ബാബുവിന് മുന്നിൽ അടിപതറി. നെല്ലിക്കുത്ത് എൽ.പി സ്കൂളിൽ നിന്ന് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചാണ് എം.പി. സിദ്ദീഖ് ജയിച്ചുകയറിയത്. സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കമാണ് ലീഗിന് സീറ്റ് നഷ്ടപ്പെടാൻ കാരണം. മുൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.പി. കബീർ 106 വോട്ടിന് ജയിച്ച ചാലുകുളത്തും ലീഗിന് തിരിച്ചടി നേരിട്ടു. ജംഷീല ഷംസുദ്ദീൻ 25 വോട്ടിനാണ് ജയിച്ചത്. പുല്ലഞ്ചേരിയിൽ കഴിഞ്ഞ തവണ 298 വോട്ടിന് ജയിച്ച ലീഗിന് ഇത്തവണ 108 വോട്ടിന് സീറ്റ് നഷ്ടമായി. എൽ.ഡി.എഫ് പിന്തുണച്ച പൊതുസ്വതന്ത്ര സ്ഥാനാർഥി സമീനയാണ് വിജയിച്ചത്.
കഴിഞ്ഞതവണ 502 വോട്ടിെൻറ ഭൂരിപക്ഷത്തോടെ ജയിച്ച ഉള്ളാടംകുന്ന് വാർഡ് എസ്.ഡി.പി.ഐയാണ് ലീഗിെൻറ കൈയിൽ നിന്ന് പിടിച്ചെടുത്തത്. മുനിസിപ്പൽ ലീഗ് പ്രസിഡൻറിെൻറ വാർഡ് കൂടിയാണിത്. എസ്.ഡി.പി.ഐ സ്ഥാനാർഥി മുജീബ് വടക്കീടൻ 815 വോട്ട് നേടി 25 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കഴിഞ്ഞ തവണ 12 വോട്ടിന് ജയിച്ച നറുകര വാർഡ് ഇത്തവണ 166 വോട്ടുകൾക്കാണ് ലീഗിന് നഷ്ടമായത്. എൽ.ഡി.എഫ് സ്വതന്ത്ര സലീന, യു.ഡി.എഫ് സ്വതന്ത്ര നസീറ മൊടത്തീരിയെയാണ് പരാജയപ്പെടുത്തിയത്. 50ാം വാർഡായ രാമൻകുളം 50 വോട്ടിനാണ് ലീഗിന് നഷ്ടമായത്. കഴിഞ്ഞ തവണ 589 വോട്ടുകൾക്കാണ് ലീഗ് ഇവിടെ ജയിച്ചത്. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി വാർഡിൽ തർക്കം രൂക്ഷമായിരുന്നു.
ലീഗിന് പുറമെ കോൺഗ്രസിനും മൂന്ന് സീറ്റ് നഷ്ടമായി. കഴിഞ്ഞതവണത്തെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ബീന ജോസഫ് 204 വോട്ടിന് ജയിച്ച തടത്തിക്കുഴിയിൽ 240 വോട്ടിനാണ് കോൺഗ്രസ് പരാജയപ്പെട്ടത്. എൽ.ഡി.എഫ് സ്വതന്ത്രൻ ഉള്ളാട്ടിൽ മൂസാൻകുട്ടിയാണ് ജയിച്ചത്. മുൻ വൈസ് ചെയർമാൻ ജയിച്ച അമ്പലപ്പടി വാർഡും തടത്തിപ്പറമ്പ് വാർഡും കോൺഗ്രസിന് നഷ്ടമായി. എന്നാൽ ബി.ജെ.പിയുടെ കൈയിലുണ്ടായിരുന്ന മേലാക്കം വാർഡ് പിടിച്ചെടുത്തു. ഇവിടെ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോൺഗ്രസ് ആധിപത്യം നേടിയത്. സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പെടെ 16 സീറ്റിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ ഏഴ് സീറ്റ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.