മലപ്പുറം: കടലുണ്ടിപ്പുഴയിലെ പാണക്കാട് വില്ലേജിൽ ചാമക്കയം പമ്പ് ഹൗസിൽനിന്നും ജലസേചന വകുപ്പ് വിതരണം ചെയ്യുന്ന കുടിവെള്ളം കലങ്ങിയതും മാലിന്യം നിറഞ്ഞതുമെന്ന് പരാതി. വെള്ളം ശുദ്ധീകരിക്കാൻ ഫിൽട്ടർ സ്ഥാപിക്കുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇതുകാരണം ഈ വെള്ളം വീടുകളിലെ ടാങ്കുകളിലെത്തുമ്പോൾ ചളിയും മണ്ണും നിറഞ്ഞ അവസ്ഥയാണ്. പാണക്കാട് വില്ലേജിലെ ഭൂരിപക്ഷം പേരും കുടിവെള്ളമായി ഉപയോഗിക്കുന്നത് ചാമക്കയം പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ്. അതേസമയം, മലപ്പുറം കുന്നുമ്മൽ ഭാഗത്ത് ശുദ്ധീകരിച്ച വെള്ളമാണ് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.
പാണക്കാട്, പട്ടർകടവ് നിവാസികളോട് കടുത്ത അവഗണനയാണ് വാട്ടർ അതോറിറ്റി കാണിക്കുന്നതെന്നാണ് പരാതി. വിഷയത്തിൽ ഉടൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാണക്കാട്, പട്ടർകടവ് നിവാസികൾ നേരത്തെ മലപ്പുറം ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു.
എന്നാൽ ഇതിനും നടപടിയുണ്ടായില്ല. പ്രശ്നപരിഹാരത്തിനായി ജലസേചന മന്ത്രി, ജില്ല കലക്ടർ, മറ്റ് അധികാരികൾ എന്നിവർക്ക് പരാതി നൽകുമെന്ന് പാണക്കാട് പൗരസമിതി പ്രസിഡന്റ് കുരുണിയൻ ചേക്കു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.