മലപ്പുറം: മലപ്പുറത്തിന് ഒരുമാറ്റം വേണ്ടേ ? യുവാക്കളുടെ പ്രതിനിധിയായി ഇവിടെനിന്ന് പാർലമെന്റിലേക്ക് ഒരാൾ പോവണ്ടേ ? രാജ്യത്തെ മതേതരത്വം നിലനിർത്തണ്ടേ ? മലപ്പുറം ലോക്സഭ മണ്ഡലത്തിലെ മുക്കിലും മൂലയിലും ശക്തമായ പ്രചാരവുമായി മുന്നേറുന്ന എൽ.ഡി.എഫ് സ്ഥനാർഥിയും പ്രവർത്തകരും വോട്ടർമാരോട് ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതാണിത്. ഈ ചോദ്യങ്ങൾക്ക് വലിയ പിന്തുണയാണ് മലപ്പുറത്തെ യുവസമൂഹവും പൊതുജനങ്ങളും നൽകുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫ് പറയുന്നു.
രണ്ടാംഘട്ട വാഹന പ്രചാരണ യാത്ര തുടക്കമിട്ടതു മുതൽ അവസാനിക്കുന്നത് വരെ ഒരേ ഊർജവുമായി വസീഫ് ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറാനുള്ള ശ്രമമായിരുന്നു. വസീഫിന്റെ ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം വേങ്ങര മണ്ഡലത്തിലായിരുന്നു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കിട്ടിയ ചെറിയ സമയങ്ങളിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾക്ക് ഇടതുപക്ഷത്തിന് എന്ത് സംഭാവന ചെയ്യാൻ കഴിയുമെന്ന് വസീഫ് വിവരിച്ചു. നരേന്ദ്ര മോദിയുടെ ദുർഭരണത്തിനെതിരെ ഇടതുപക്ഷം പോരാടുമെന്നും രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാൻ ഒറ്റകെട്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പര്യടന സ്ഥാലങ്ങളിൽ സ്ഥനാർഥി എത്തുന്നതിനു മുമ്പേ സ്വീകരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പൈലറ്റ് വാഹനങ്ങൾ എത്തിയിരുന്നു. പ്രദേശിക നേതാക്കളുടെ പ്രസംഗം തുടങ്ങി അരമണിക്കൂറിനുള്ളിൽ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് വസീഫും കൂട്ടരും പാഞ്ഞെത്തി. പ്രചാരണ വഴിയിൽ കാത്തുനിന്നവരോടും സ്ത്രീകളോടും കുട്ടികളോടും മുതിർന്നവരോടുമെല്ലാം നേരിട്ട് വോട്ടു ചോദിച്ചാണ് മടങ്ങിയത്.
രാവിലെ എട്ടിന് ഇരുമ്പുചോലയിൽനിന്ന് തുടങ്ങിയ പര്യടനം വലിയപറമ്പ്, പൂകയൂർ, കുന്നുംപുറം, വട്ടപ്പൊന്ത, ചെറൂർ, കോവിലപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. രാവിലെ 10ന് ‘ആടുജീവിതം’ സിനിമയിലെ ‘പെരിയോനെ...റഹ്മാനെ’ ഗാനം ആലപിച്ച ജിതിൻ രാജിനെ കുന്നുംപുറത്തെ വീട്ടിൽ ചെന്ന് സന്ദർശിച്ചു. ജിതിൻ സ്ഥാനാർഥിക്കും കൂടെയെത്തിയവർക്കും ഗാനം ആലപിച്ചു. 11 മണിക്ക് പര്യടനം അഞ്ചുപറമ്പ് എത്തി.
ഉച്ചക്ക് മുമ്പുള്ള പര്യടനം 12.30ന് പുത്തൂരിൽ അവസാനിച്ചു. ഉച്ചക്ക് ശേഷമുള്ള പര്യടനം മൂന്നിന് ആട്ടീരിയിൽനിന്ന് തുടങ്ങി. കുഴിപ്പുറം, വീണാലുക്കൽ, ചിനക്കൽ, പുത്തനങ്ങാടി, മുട്ടുംപുറം, കുറ്റൂർ തുടങ്ങിയ സ്ഥലങ്ങൾ സഞ്ചരിച്ച് പര്യടനം 7.30ന് അച്ചനമ്പലത്ത് സമാപിച്ചു. കെ.ടി. അലവി, മുസ്തഫ, വി.ടി. സോഫിയ, സൈഫുദ്ദീൻ, ടി. കബീർ, കെ.പി. സുബ്രമണ്യൻ എന്നിവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.