മലപ്പുറം: വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് കൈമാറാൻ പോകുന്ന പൊലീസുകാരെ അനാവശ്യമായി പ്രയാസപ്പെടുത്തുന്നതായി ആക്ഷേപം. നിലമ്പൂർ, വയനാട് ഭാഗങ്ങളിൽനിന്ന് കണ്ണൂരിലെ ഫോറൻസിക് ലാബിലെത്തുന്ന പൊലീസുകാർ ഡി.എൻ.എ സാമ്പിൾ കൈമാറാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
മറ്റ് കേസുകളിൽ കോടതി ഉത്തരവ് പ്രകാരം വിവിധ നടപടിക്രമങ്ങൾ പാലിച്ചാണ് ഡി.എൻ.എ സാമ്പിൾ ഫോറൻസിക് ലാബുകൾ കൈപ്പറ്റുന്നത്. എന്നാൽ, ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക ഉത്തരവിറക്കി കോടതി ഇടപെടലില്ലാതെ തന്നെ ഡി.എൻ.എ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
അടിയന്തര പ്രാധാന്യത്തോടെ സാമ്പിളുകളുമായി ലാബിലെത്തുന്ന പൊലീസുകാർക്ക് പരിഗണന നൽകാൻ ലാബുകളിലെ ചില ഉദ്യോഗസ്ഥർ തയാറാവുന്നില്ലെന്നാണ് പരാതി. ഒരേ വകുപ്പിന് കീഴിലാണെങ്കിലും പരസ്പര സഹകരണമില്ലാതെയാണ് ഫോറൻസിക്കിലെ ചിലർ പെരുമാറുന്നതെന്ന് സാമ്പിളുമായി പോകുന്ന ഉദ്യോഗസ്ഥർ പറയുന്നു. സാമ്പിൾ കൈപ്പറ്റി പൊലീസുകാരുടെ ഡ്യൂട്ടി പാസ്പോർട്ടിൽ സീലടിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തീർക്കാവുന്ന കാര്യങ്ങളാണ് അനാവശ്യമായി വൈകിപ്പിക്കുന്നത്.
കഴിഞ്ഞദിവസം രണ്ട് ഡി.എൻ.എ സാമ്പിളുമായി ഉച്ചക്ക് രണ്ടിന് കണ്ണൂർ റീജനൽ ഫോറൻസിക് സയൻസ് ലാബിലെത്തിയ പൊലീസുകാരൻ സാമ്പിൾ നൽകാനെത്തിയപ്പോൾ പ്രധാന ഉദ്യോഗസ്ഥർ വന്നിട്ട് തന്നാൽ മതിയെന്നായിരുന്നു മറുപടി. നിലമ്പൂരിൽനിന്നാണ് വരുന്നതെന്നും ആറ് മണിക്കൂറിലധികം യാത്ര ചെയ്ത് തിരിച്ചുപോകേണ്ടതുണ്ടെന്നും അറിയിച്ചെങ്കിലും മൂന്ന് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് സാമ്പിൾ കൈപ്പറ്റിയത്.
അതേദിവസം വയനാട്ടിൽ നിന്ന് ഡി.എൻ.എ സാമ്പിളുമായി വന്ന മറ്റൊരു പൊലീസുകാരനും ഇതേ അനുഭവമുണ്ടായി. ഉച്ചക്ക് ഒരു മണിക്ക് എത്തിയ അദ്ദേഹത്തിന് മണിക്കൂറുകളോളം കാത്തിരുന്ന് വൈകീട്ട് അഞ്ചിനുശേഷമാണ് സാമ്പിൾ കൈമാറാനായത്. മറ്റ് ഉദ്യോഗസ്ഥരും സമാന അനുഭവമാണ് പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.