എല്‍.പി.എസ്.ടി: നിയമന നടപടി 15നകം പൂർത്തിയാക്കും

മലപ്പുറം: ജില്ലയിൽ എല്‍.പി.എസ്.ടി തസ്തികയില്‍ നിയമനം ലഭിച്ച 733 ഉദ്യോഗാർഥികളുടെ നിയമന നടപടികൾ ഒക്ടോബർ 15നകം പൂർത്തിയാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. നിയമന ഉത്തരവ് ലഭിച്ചവർ എത്രയും വേഗത്തിൽ നടപടികൾ പൂർത്തിയാക്കി ജോലിക്ക് ഹാജരാകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

സമയ പരിധി കഴിഞ്ഞും ജോലിക്ക് ഹാജരാകാത്തവരുണ്ടെങ്കിൽ തസ്തിക ഒഴിവായി കണക്കാക്കി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനാണ് അധികൃതരുടെ തീരുമാനം. തുടർച്ചായ അവധി ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ ആറിന് തന്നെ ഉദ്യോഗാർഥികൾ ഹാജരാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിയമന തസ്തികകൾ പൂർത്തിയാക്കി കഴിഞ്ഞും ഒഴിവു വരുന്ന തസ്തികയിലേക്ക് താത്കാലിക നിയമനങ്ങൾ ക്ഷണിക്കുന്ന കാര്യവും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. എയ്ഡഡ് തലങ്ങളിലെ സർക്കാർ ക്വോട്ടയിലേക്കുള്ള നിയമനവും വേഗത്തിലാക്കും. എയ്ഡഡ് മാനേജ്മെൻറ് ക്വോട്ടയിലെ നിയമന നടപടി സ്കൂൾ അധികൃതർ പൂർത്തിയാക്കണം.

മാനേജ്മെന്റ് ക്വോട്ടയിൽ ഭിന്നശേഷി അടക്കമുള്ള സംവരണ മാനദണ്ഡം അധികൃതർ പാലിക്കണം. നിയമനത്തിൽ വീഴ്ച സംഭവിച്ചാൽ നടപടിയെടുക്കുമെന്ന് ജില്ല വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാലയങ്ങളിലെ കുട്ടികളുടെ അനുപാതം നോക്കിയാണ് തസ്തിക നിർണയം നടക്കുന്നത്. എൽ.പി, യു.പി തലങ്ങളിലേത് എ.ഇ.ഒ(അസി. വിദ്യാഭ്യാസ ഓഫിസർ)മാർക്കും ഒന്ന് മുതൽ 10 വരെ (എൽ.പി, യു.പി, ഹൈസ്കൂൾ) ഒന്നിച്ചുള്ള വിദ്യാലയങ്ങൾക്ക് ഡി.ഇ.ഒ (ജില്ല വിദ്യാഭ്യാസ ഓഫിസർ)മാർക്കുമാണ് ചുമതല. 2022-23 അധ്യയന വർഷത്തിൽ ഒന്ന് മുതൽ 10 ക്ലാസുകളിലായി ജില്ലയിൽ 7,80,052 കുട്ടികളാണ് ആകെ പഠിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ കുട്ടികൾ പഠിക്കുന്നതും ജില്ലയിലാണ്. ഇതിൽ 3,98,679 ആൺകുട്ടികളും 3,81,373 പെൺകുട്ടികളുമാണ്. സർക്കാർ തലത്തിൽ 2,65,858, എയ്ഡഡ് തലത്തിൽ 4,35,010, അൺ എയ്ഡഡ് തലത്തിൽ 79,184 കുട്ടികളുമുണ്ട്.

നഷ്ടപ്പെട്ടത് 122 തസ്തികകൾ

മലപ്പുറം: ജില്ലയിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണയത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപക-അനധ്യാപക വിഭാഗത്തിലായി നഷ്ടപ്പെട്ടത് 122 തസ്തികകളെന്ന് വിദ്യാഭ്യാസ വകുപ്പ്. വിവിധ കാരണങ്ങളാൽ 112 അധ്യാപക തസ്തികകളും 10 അനധ്യാപക തസ്തികകളുമാണ് നഷ്ടപ്പെട്ടത്. ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിനാണ് ജില്ല വിദ്യാഭ്യാസ വകുപ്പ് ഈ കണക്ക് നൽകിയത്. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഒഴിവുള്ള തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ജില്ലയിൽ മതിയായ കെട്ടിട സൗകര്യമുണ്ടായിട്ടും സ്കൂളുകൾക്ക് ഫിറ്റ്നസ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇക്കാരണത്താൽ സർക്കാർ വിദ്യാലയങ്ങളിൽ തസ്തിക നഷ്ടപ്പെട്ടിരുന്നു. കിഫ്ബി ഫണ്ട് വഴി പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത സ്കൂൾ കെട്ടിടങ്ങൾ വിദ്യാലയങ്ങൾക്ക് കൈമാറാത്തതും ജില്ലയിൽ തസ്തിക നഷ്ടത്തിന് കാരണമായി. കിഫ്ബിയിൽ ആറ് വിദ്യാലയങ്ങളാണ് പണി കഴിഞ്ഞിട്ടും ഫിറ്റ്നസ് ലഭിക്കാതെ കിടക്കുന്ന വിദ്യാലയങ്ങളുള്ളത്. ഈ പ്രശ്നം പരിഹരിക്കാൻ 2019-20ലെ അധ്യാപക തസ്തിക നിർണയ ഉത്തരവ് പിന്തുടരാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

Tags:    
News Summary - LPST Appointment Process will be completed by 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.