മലപ്പുറം: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ മാധ്യമം 'എജുകഫെ' 2022 ഇന്ത്യൻ സീസണിന്റെ രണ്ടാം പതിപ്പിന് വെള്ളിയാഴ്ച മലപ്പുറത്ത് തുടക്കമാവും. വെള്ളി, ശനി ദിവസങ്ങളിൽ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് മേള. ജി.സി.സി രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫെ വേറിട്ട പരിപാടികളുമായാണ് വീണ്ടും മലപ്പുറത്തേക്ക് വരുന്നത്.
കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലായി കോഴിക്കോട്ടും 2019ൽ മലപ്പുറത്തും നടന്ന എജുകഫെ വിദ്യാർഥികളുടെ പങ്കാളിത്തത്താൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉപരിപഠനമെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നവർക്ക് വഴികാട്ടിയാവുന്ന 'എജുകഫെ' പുതുമകളോടെയാണ് വിദ്യാർഥികൾക്കരികിലെത്തുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാവുന്ന സെഷനുകളും കരിയർ ശിൽപശാലകളുമടക്കം നിരവധി പരിപാടികൾ എജുകഫെയുടെ ഭാഗമായി നടക്കും.
എജുകഫെ വൈകീട്ട് നാലിന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം.പി. അബ്ദുസമദ് സമദാനി എം.പി, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, സൈലം ലേണിങ് ഡയറക്ടർ ലിജേഷ് കുമാർ, സ്റ്റെയ്പ്പ് സി.ഇ.ഒ സോബിർ നജ്മുദ്ദീൻ, മാറ്റ് ഗ്ലോബർ സ്റ്റഡി അബ്രോഡ് സി.ഇ.ഒ മുഹമ്മദ് നിയാസ് എന്നിവർ സംബന്ധിക്കും.
വെള്ളിയാഴ്ച രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 10ന് തുടങ്ങുന്ന എക്സിബിഷനിൽ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, കോഡൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ എന്നിവർ പങ്കെടുക്കും. 10.15ന് 'ലോ ഇൻ ലൈഫ് ആൻഡ് പ്രഫഷൻ' വിഷയത്തിൽ സബ് ജഡ്ജും കോഴിക്കോട് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി. ഷൈജൽ ക്ലാസെടുക്കും.
11.15ന് 'വാട് ടു ബികം, വാട് ടു ലേൺ' എന്ന വിഷയത്തിൽ സൈലം നീറ്റ് എക്സ്പർട്ട് ഡോ. എസ്. അനന്തുവും 11.45ന് 'ഐ.ഐ.ടി ആൻഡ് എൻ.ഐ.ടി അഡ്മിഷൻസ്; ദ വൈ ആൻഡ് ദ ഹൗ' എന്ന വിഷയത്തിൽ വിദ്യാഭ്യാസ ട്രെയ്നർ ആർ. മുഹമ്മദ് ഇഖ്ബാലും ക്ലാസെടുക്കും. ഉച്ചക്ക് 2.15ന് പ്രമുഖ ടെലിവിഷൻ താരവും റിവേഴ്സ് ക്വിസിലൂടെ പ്രശസ്തനുമായ ഗ്രാന്റ്മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന 'ദ ആർട്ട് ഓഫ് സക്സസ്' നടക്കും. 3.15ന് വിദേശപഠനവുമായി ബന്ധപ്പെട്ട് 'എ ബ്രോഡർ വേ ടു ഓവർസിസ് എജുക്കേഷൻ' എന്ന വിഷയത്തിൽ ടി.പി. അഷ്റഫ് ക്ലാസെടുക്കും. വൈകീട്ട് അഞ്ച് മുതൽ പ്രമുഖ ടെലിവിഷൻ അവതാരകനും മജീഷ്യനുമായ രാജ് കലേഷിന്റെ 'മാജിക്കൽ ചാറ്റ്' ഫെസ്റ്റിന് മാറ്റുകൂട്ടും.
മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച 9.30ന് രജിസ്ട്രേഷൻ തുടങ്ങും. 10.30ന് തുടങ്ങുന്ന ആദ്യ സെഷനിൽ 'ഫൈൻഡ് യുവർ പാഷൻ' എന്ന വിഷയത്തിൽ പ്രമുഖ പേഴ്സനാലിറ്റി ഡെവലപ്മെന്റ് കോച്ച് സഹ്ല പർവീൺ വിദ്യാർഥികളുമായി സംവദിക്കും. 11.30ന് 'ടെക്നോളജി ആൻഡ് സ്റ്റാർട്ടപ്സ്' എന്ന വിഷയത്തിൽ സഫീർ നജ്മുദ്ദീൻ സംവദിക്കും. 12ന് പ്രമുഖ മാധ്യമപ്രവർത്തകനും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. അരുൺകുമാർ നയിക്കുന്ന 'ലിവ് വിത്ത് സെൻസ് ഓഫ് വണ്ടർ' സെഷൻ എജുഫെസ്റ്റിന്റെ മുഖ്യ ആകർഷണമാവും. ഉച്ചക്ക് രണ്ടിന് 'വോയേജ് ടു സക്സസ്; എ കരിയർ ചാറ്റ്' വിഷയത്തിൽ സിജി ടീം അംഗങ്ങളായ എം.വി. സക്കറിയ, കെ. അഷ്കർ, സി.കെ. റംല ബീവി എന്നിവർ വിദ്യാർഥികളുമായി സംവദിക്കും.
മൂന്ന് മണിക്ക് നടക്കുന്ന 'ടോപ്പേഴ്സ് ടോക്' ഡോ. അരുൺ കുമാർ നിയന്ത്രിക്കും. വൈകീട്ട് നാലിന് 'ഡികോഡിങ് യുവർ ഗ്ലോബൽ കരിയർ ഡ്രീംസ്' എന്ന വിഷയത്തിൽ അന്തർദേശീയ വിദ്യാഭ്യാസ പരിശീലകൻ ഫൈസൽ പി. സെയ്ദ് ക്ലാസെടുക്കും. 4.30ന് 'ബസ് ദ ബ്രെയിൻ' ക്വിസ് ഗ്രാൻഡ് ഫിനാലേ അരങ്ങേറും. വൈകീട്ട് അഞ്ചിന് മാധ്യമം 'വെളിച്ചം' കോണ്ടസ്റ്റ് 'ട്രഷർ ഹണ്ട്' വിജയികൾക്ക് എജുഫെസ്റ്റ് വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 5.15ന് മജീഷ്യൻ ദയാനിധി നയിക്കുന്ന 'ദ ഗ്രേറ്റ് മാജിക് ബ്ലോ' പരിപാടിയോടെ ഫെസ്റ്റ് സമാപിക്കും. സൈലം ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് ആണ് പ്രസന്റിങ് സ്പോൺസർ.
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈലം 'ബസ് ദ ബ്രെയിൻ' ക്വിസ്, മെഡിക്കൽ-എൻജിനിയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകൾ തുടങ്ങി നിരവധി പരിപാടികൾ എജുകഫെയിലുണ്ടാകും.
കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവിസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോൺടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമായുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യമുണ്ടായിരിക്കും. രജിസ്ട്രേഷൻ നമ്പർ: 9645 006 838, വെബ്സൈറ്റ്: https://myeducafe.com/
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.