ചാലക്കുടി: മലക്കപ്പാറയിലേക്ക് വിനോദയാത്ര കൊണ്ടുപോകാമെന്ന് മലപ്പുറം കലക്ടർ സഹപ്രവർത്തകർക്ക് നൽകിയ വാക്ക് ഒടുവിൽ പാലിച്ചു. ഫയൽ അദാലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ വിനോദയാത്ര പോകാമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ കുറച്ചു നാൾ മുമ്പാണ് ജീവനക്കാരോട് പറഞ്ഞത്. എന്നാൽ, പല കാരണങ്ങളാൽ യാത്ര നീണ്ടു. ഒടുവിൽ ശ്രീകൃഷ്ണ ജയന്തി ഒഴിവിൽ ആ വാഗ്ദാനം പാലിച്ചു. കലക്ടറേറ്റ് ജീവനക്കാരും കുടുംബാംഗങ്ങളായ 72 പേരുമാണ് യാത്രയിൽ പങ്കെടുത്തത്. മലപ്പുറം കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഡീലക്സ് ബസുകളിൽ പുലർച്ച അഞ്ചിന് പുറപ്പെട്ട സംഘം മഴ കാരണം ഒന്നര മണിക്കൂർ വൈകിയാണ് ചാലക്കുടിയിലെത്തിയത്. ചാലക്കുടി റെസ്റ്റ് ഹൗസിൽ ഇവർക്ക് സ്വീകരണം നൽകി. തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം രാത്രിയോടെ മടങ്ങി. എ.ഡി.എം എൻ.എം. മെഹറലി, ഡെപ്യൂട്ടി കലക്ടർ അൻവർ സാദിക്, ജില്ല ലീഗൽ ഓഫിസർ പി. വിൻസെന്റ്, ഇൻഫർമേഷൻ ഓഫിസർ പി. പവൻ, മലപ്പുറം കെ.എസ്.ആർ.ടി.സി ജില്ല ടൂറിസം കോഓഡിനേറ്റർ കെ. പ്രദീപ്, കലക്ടറേറ്റ് റിക്രിയേഷൻ ക്ലബ് അംഗങ്ങൾ എന്നിവർ സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.