കോട്ടക്കൽ: വേദിയിലെ പ്രകടനത്തിന് സദസ്സിൽ നിന്നുമുള്ള ആവേശം അതിരുവിട്ടു, ഇതോടെ വടിയെടുത്ത് പൊലീസ്. ജില്ല സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം ദഫ്മുട്ട് മത്സരത്തിനിടെയാണ് സംഭവം. സ്വന്തം സ്കൂളിനെ പിന്തുണക്കാനെത്തിയവരാണ് ആവേശം കൂട്ടി ബഹളംവെച്ചത്. വേദി ആറിന് സമീപം വലതുവശത്ത് തടിച്ചുകൂടിയ വിദ്യാർഥികൾ ഉച്ചത്തിൽ ശബ്ദമുയർത്തുകയും ഒച്ചപ്പാടുണ്ടാക്കുകയുമായിരുന്നു.
ബഹളമായതോടെ സമീപമുണ്ടായിരുന്ന പൊലീസുകാരൻ ഇടപെട്ടു. ഇതോടെ വിദ്യാർഥികൾ പല ഭാഗങ്ങളിലേക്കായി മാറി. പിന്നാലെ വനിത പൊലീസുകാരെ വിളിച്ചുവരുത്തി. അനാവശ്യ ശബ്ദമുണ്ടാക്കിയ കൂട്ടത്തിലെ ഒരു വിദ്യാർഥിയെ മാറ്റുകയും ചെയ്തു. ഇതേതുടർന്ന് വേദി ആറിൽ പൊലീസ് അംഗബലം വർധിപ്പിച്ചു.
കോട്ടക്കൽ: ചടുല നൃത്തച്ചുവടുകളുമായി നാടോടി നൃത്തത്തിൽ തിളങ്ങി കെ. അഖിന. വേങ്ങര ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്. അഖിന ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലും പരിശീലിക്കുന്നുണ്ട്. ബുഹാസിൻ ബൈജുവാണ് ഗുരുനാഥൻ. എടക്കാപറമ്പ് തടത്തിൽവീട്ടിൽ വേലായുധൻ -മൈഥിലി ദമ്പതികളുടെ മകളാണ്. അനഘ, അഖിൽ സഹോദരങ്ങളാണ്.
കോട്ടക്കൽ: ജില്ല സ്കൂൾ കലോത്സവം അഞ്ച് നാൾ പിന്നിട്ടപ്പോൾ ജില്ലതല കമ്മിറ്റിക്ക് മുന്നിൽ ആകെ ലഭിച്ചത് 118 അപ്പീൽ. എച്ച്.എസ് -67, എച്ച്.എസ്.എസ് -49, യു.പി രണ്ട് എന്നിങ്ങനെയാണിത്. പരാതിക്കാരെ ഹിയറിങ് നടത്തും. ഒന്നാം സ്ഥാനം കിട്ടിയവരുടെയും പരാതിക്കാരുടെയും വിഡിയോ അടക്കം ജഡ്ജിങ് പാനൽ പരിശോധിച്ചാണ് തീരുമാനമെടുക്കുക. ഒരാഴ്ചക്കകം നടപടിക്രമം പൂർത്തിയാക്കും. അപ്പീൽ അനുവദിച്ചാൽ ഫീസ് തിരിച്ചുനൽകും. വ്യാഴാഴ്ച മാത്രം 26 അപ്പീലുകൾ കിട്ടി. ഹൈസ്കൂളിൽ 15, ഹയർ സെക്കൻഡറിയിൽ 11 എന്നിങ്ങനെയാണവ. വഞ്ചിപ്പാട്ടിനാണ് വ്യാഴാഴ്ച കൂടുതൽ അപ്പീലുകളുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.