മലപ്പുറം: സംസ്ഥാന സ്കൂൾ കായികമേളയിലും മലപ്പുറത്തിന്റെ കുതിപ്പ്. ചരിത്രനേട്ടമാണ് ജില്ല സ്വന്തമാക്കിയത്. പതിറ്റാണ്ടുകൾ നീണ്ട കായികമേളയുടെ ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനത്തെത്തിയ ജില്ല ഓവറോൾ സ്കൂൾ ചാമ്പ്യൻപട്ടവും സ്വന്തമാക്കി. കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസാണ് മേളയിലെ ഓവറോൾ ജേതാക്കൾ. ഈ സ്ഥാനം കുത്തകയാക്കി വെച്ചിരുന്ന നിരവധി സ്കൂളുകളെ തകർത്താണ് ഐഡിയൽ പുതിയ നേട്ടത്തിന് ഉടമയായത്. കൂടാതെ, മികച്ച സ്കൂളുകളിൽ ആദ്യപത്തിൽ ജില്ലയിൽനിന്ന് രണ്ട് സ്കൂളുകൾ ഇടം പിടിച്ചു. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് എട്ടാം സ്ഥാനത്താണുള്ളത്.
13 സ്വർണവും 17 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 149 പോയന്റാണ് മലപ്പുറത്തിന്. കരുത്തരായ കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവരെ പിറകിലാക്കിയാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. മണ്ണാർക്കാട് കല്ലടി സ്കൂൾ, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ, കോതമംഗലം മാർബേസിൽ തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് ഐഡിയൽ ഒന്നാമതെത്തിയത്. 149ൽ 66 പോയന്റും സ്കൂളുകളിൽ ഓവറോൾ ജേതാക്കളായ ഐഡിയലിനാണ് കിട്ടിയിരിക്കുന്നത്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും നാല് വെങ്കലുമാണ് ഐഡിയലിന് ലഭിച്ചിരിക്കുന്നത്. സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഐഡിയലിന്റെ ഐശ്വര്യ സുരേഷ് റെക്കോഡിനും ഉടമയായി. ആലത്തിയൂർ മൂന്ന് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 22 പോയന്റുമായാണ് എട്ടാം സ്ഥാനത്തെത്തിയത്. ഇവർക്കൊപ്പം കാവനൂർ സ്പോർട്സ് അക്കാദമിയുടെ വിദ്യാർഥികളും നേട്ടം കൊയ്തു. ഇവർക്ക് ആറ് മെഡലുകളാണ് ലഭിച്ചത്. ഐഡിയൽ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, മുഖ്യപരിശീലകൻ മഞ്ചേരി കാരക്കുന്ന് സ്വദേശി നദീഷ് ചാക്കോ, ആലത്തിയൂർ സ്കൂൾ പരിശീലകൻ റിയാസ്, കായികാധ്യാപകൻ സാജിര്‍ ആലത്തിയൂർ, കാവനൂർ സ്പോർട്സ് അക്കാദമിയിലെ കായികാധ്യാപകരായ കെ.പി. സഫ്നാദ്, മുഹമ്മദ് ഇസ്മായില്‍, അഹമ്മദ് നിഷാദ് എന്നിവരുടെ പരിശ്രമമാണ് ഈ കുട്ടികളുടെ വിജയത്തിന് പിന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.