മലപ്പുറം: വേനൽകാലത്ത്, പൊടിയിൽ മുങ്ങുന്ന മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ മഴ പെയ്തതോടെ ചെളിക്കുളമായി. പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായ യാർഡിൽ ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. സ്റ്റാൻഡിൽ ബസ് നിർത്തുന്ന സ്ഥലത്താണ് കുഴികൾ രൂപപ്പെട്ടത്. മഴ പെയ്താൽ ഈ കുഴികളിൽ വെള്ളം നിറയും. ചെളിവെള്ളത്തിൽ ചവിട്ടിവേണം ബസിലേക്ക് കയറാനുമിറങ്ങാനും. കുഴിയടക്കാൻപോലും അധികൃതർ തയാറായിട്ടില്ല. ദിവസവും 200ലധികം ബസുകൾ കയറിയിറങ്ങുന്ന, നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റാൻഡ് ആണിത്. രാപകൽ സ്റ്റാൻഡിൽ ബസുകൾ കയറുന്നുണ്ട്. യാർഡ് പൊട്ടി തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മെറ്റലുകൾ ഇളകിയാണ് വലിയ കുഴികൾ രൂപപ്പെട്ടത്. ഡിപ്പോ നവീകരണത്തിന് എം.എൽ.എ ഫണ്ട് ലഭ്യമായിട്ടും സാങ്കേതിക കുരുക്കിൽ കുടുങ്ങി പ്രവൃത്തി അനന്തമായി നീളുകയാണ്.
സ്റ്റേഷൻ മാസ്റ്റർ ഓഫിസും അന്വേഷണ കൗണ്ടറും പ്രവർത്തിക്കുന്ന സ്റ്റാൻഡിലെ പഴയ ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടം ചോർന്നൊലിച്ച് തകർച്ചയുടെ വക്കിലാണ്. ഈ കെട്ടിടത്തിന്റെ പിൻവശത്തെ സംരക്ഷണഭിത്തി ദുർബലമായതിനാൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ നാമമാത്രമാണ്. സ്റ്റാൻഡിൽ തെരുവുനായ് ശല്യവും രൂക്ഷമാണ്. രാത്രി കെ.എസ്.ആർ.ടി.സി ജീവനക്കാരേയും യാത്രക്കാരേയും ആക്രമിക്കുന്ന സംഭവങ്ങൾ പതിവാണെന്ന പരാതിയുമുണ്ട്.
2021ൽ പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ അനുവദിച്ചിട്ടും സ്റ്റാൻഡ് നവീകരിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. മലബാറിൽതന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോകളിലൊന്നാണ് മലപ്പുറം. സർവിസുകൾ 35ൽ കുറവായിട്ടും പ്രതിദിന കലക്ഷൻ ശരാശരി എട്ട് ലക്ഷത്തിന് മുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.