മലപ്പുറം: നഗരസഭ പരിധിയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ‘കാർബേജ് മോണിറ്ററിങ് ആപ്പ്’ വഴി ലഭിക്കുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള അജൈവ മാലിന്യ ശേഖരണം ജൂൺ മുതൽ ആരംഭിച്ചേക്കും. ഇതിനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തി. നഗരസഭയിലെ 35 വാർഡുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും ആപ്പിന്റെ ക്യൂ.ആർ കോഡ് പതിപ്പിക്കൽ പൂർത്തിയായി വരികയാണ്. ബാക്കി അഞ്ച് വാർഡുകളും മേയ് അവസാനത്തിനകം പൂർത്തിയാകും. മേയ് ആദ്യ വാരത്തോടെയാണ് നഗരസഭയുടെ നിർദേശ പ്രകാരം ഹരിത കർമസേന ആപ്പിന്റെ ക്യൂ.ആർ കോഡ് പതിക്കൽ ആരംഭിച്ചത്.
പദ്ധതി പ്രവർത്തനങ്ങൾക്കായി 40 വാർഡുകളിലേക്ക് ഹരിത കർമസേന രണ്ട് കോ ഓഡിനേറ്റർമാരെയാണ് നിയോഗിച്ചത്. ഇവരുടെ മേൽനോട്ടത്തിൽ സന്നദ്ധ സംഘങ്ങളും എൻ.എസ്.എസ്, എൻ.സി.സി യൂനിറ്റുകളും ചേർന്നാണ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി വിവരങ്ങൾ ശേഖരിച്ച് ക്യൂ.ആർ കോഡ് പതിക്കുന്നത്. ജൂണിൽ ആപ്പ് പ്രവർത്തനം ആരംഭിക്കുന്നതോടെ ആപ്പ് സ്കാൻ ചെയ്ത് മാലിന്യം ശേഖരിക്കാനുണ്ടെന്ന് നിർദേശം നൽകാം. ഹരിത കർമസേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി മാലിന്യം കൊണ്ടുപോകും.
നിലവിൽ മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ഹരിത കർമസേന മാലിന്യം ശേഖരിക്കുന്നത്. ഇത് പലപ്പോഴും മാലിന്യം കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നുണ്ട്. ആപ്പ് പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആപ്പിൽ ഏത് നിമിഷവും ആളുകൾക്ക് മാലിന്യം കൊണ്ടുപോകാൻ സന്ദേശം നൽകാൻ അവസരമുണ്ട്.
ഹരിത കർമസേന കോ ഓഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നിരീക്ഷിച്ച് തുടർനടപടി സ്വീകരിക്കുക. ആപ്പ് സജ്ജമാകുന്നതോടെ നഗരസഭയിൽ അജൈവ മാലിന്യ ശേഖരണം പൂർണമായും ആപ്പ് വഴിയാകും. ഇങ്ങനെ കൊണ്ടുവരുന്ന മാലിന്യം നഗരസഭയുടെ ഷ്രെഡ്ഡിങ് യൂനിറ്റിലെത്തിച്ച് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.