മലപ്പുറം: നഗരസഭ നടപ്പാക്കുന്ന സമഗ്ര മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി പ്രദേശത്തെ സർക്കാർ ഓഫിസുകളിലേക്ക് ബയോബിൻ ബക്കറ്റുകൾ നൽകി. നഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കലക്ടറേറ്റിലെയുൾപ്പെടെ 170ഓളം സർക്കാർ ഓഫിസുകളിൽ ബയോബിൻ ബക്കറ്റുകൾ വഴി മാലിന്യം സംസ്കരിക്കുന്ന പദ്ധതിക്ക് തുടക്കമായത്.
മാലിന്യസംസ്കരണ രംഗത്ത് കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് മൂന്നുവർഷത്തിനുള്ളിൽ നഗരസഭ നടപ്പാക്കിയത്. ലോക ബാങ്കിന്റെയും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ മുഖാന്തരം നടപ്പാക്കുന്ന സംസ്ഥാന സമഗ്ര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായ 19 കോടിയും കേന്ദ്ര പദ്ധതികളായ എസ്.ബി.എം അർബൻ വൺ, എസ്.ബി.എം അർബൻ ടു, നഗരസഞ്ചയം പദ്ധതികളിലെ തുകയുമുൾപ്പെടെ വിനിയോഗിച്ചാണ് നഗരസഭയുടെ മാലിന്യസംസ്കരണ പദ്ധതികൾക്ക് തുടക്കമായത്.
നഗരപ്രദേശങ്ങളുടെ മാലിന്യ സംസ്കരണത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും മുഴുവൻ മേഖലകളും സമ്പൂർണമായി മാലിന്യമുക്തമാക്കുന്ന പദ്ധതികൾ നഗരസഭ പൂർത്തിയാക്കുമെന്നും ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. കലക്ടറേറ്റിൽ ബയോബിൻ ബക്കറ്റുകൾ ജില്ല കലക്ടർ വി.ആർ. വിനോദിന് നൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ കൗൺസിലർ സജീർ കളപ്പാടൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ. മധുസൂദനൻ, പി.ബി. ഷാജു, കെ. അബ്ദുൽ ഹമീദ്, എ. മോഹൻദാസ്, എൻ. അഖില, പി.പി. അനുകുൽ, വൈശാഖ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.