മഞ്ചേരി: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഡി.എം.ഒ ഡോ. ആര്‍. രേണുകയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മിറ്റി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ച് പരിശോധന നടത്തി. മത്സരങ്ങളുടെ പ്രധാന വേദിയായ സ്റ്റേഡിയത്തിലെ നിലവിലുള്ള ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ മറ്റു സൗകര്യങ്ങളുടെ പട്ടിക തയാറാക്കി. രണ്ടുദിവസത്തിനുള്ളില്‍ മെഡിക്കല്‍ സംവിധാനങ്ങളുടെ മോക്ക് ഡ്രില്‍ പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും നടത്തും. ചാമ്പ്യന്‍ഷിപ് നടക്കുന്ന സമയത്ത് ഏതെങ്കിലും തരത്തില്‍ താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ എങ്ങനെ നേരിടണം എന്ന് കാണിക്കുന്നതാകും മോക് ഡ്രില്‍. രണ്ട് സ്റ്റേഡിയങ്ങളിലും മത്സരസമയത്ത് രണ്ട് മെഡിക്കല്‍ ടീമുകളുണ്ടാകും. ഒരു സംഘം സ്റ്റേഡിയത്തിന് അകത്ത് മെഡിക്കല്‍ റൂമിലും ഒരു സംഘം ഗ്രൗണ്ടിലുമായി നിലയുറപ്പിക്കും.
മെഡിക്കല്‍ സേവനവുമായി ബന്ധപ്പെട്ട മേല്‍നോട്ട ചുമതലക്കായി നോഡല്‍ ഓഫിസറെയും അസി. നോഡല്‍ ഓഫിസര്‍മാരെയും ഓഫിസ് കാര്യങ്ങള്‍ക്കായി ക്ലര്‍ക്കിനെയും ചുമതലപ്പെടുത്തി.
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അഹമ്മദ് അഫ്‌സല്‍, ഡോ. ഫിറോസ് ഖാന്‍ (ആര്‍ദ്രം അസി. നോഡല്‍ ഓഫിസര്‍), ഡോ. അബ്ദുല്‍ ജലീല്‍ വല്ലാഞ്ചിറ (ആര്‍.എം.ഒ, മഞ്ചേരി മെഡിക്കല്‍ കോളജ്), ഡോ. ജോണി ചെറിയാന്‍ (വൈസ് ചെയര്‍മാന്‍, മെഡിക്കല്‍ കമ്മിറ്റി), ഡോ. സയ്യിദ് നസീറുല്ല (പി.എച്ച്.സി. മെറയൂര്‍) തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.