പൊന്നാനി: കുറ്റിപ്പുറം-ചാവക്കാട് ദേശീയപാതയിൽ ഏറ്റവും ജനത്തിരക്കേറിയ പ്രധാന ജങ്ഷനായ പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ മേൽപാലത്തിന്റെ നിർമാണം തുടങ്ങി. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായാണ് ചമ്രവട്ടം ജങ്ഷനിൽ പുതിയ മേൽപാലം നിർമിക്കുന്നത്. നാല് ജങ്ഷനുകൾ സംഗമിക്കുന്ന ഇടമായതിനാൽ വലിയ മേൽപാലമാണ് ഇവിടെ നിർമിക്കുന്നത്.
കുറ്റിപ്പുറം റോഡിലെ പൈലിങ് നിർമാണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. മേൽപാല നിർമാണ സമയത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നേരത്തെ അപ്രോച്ച് റോഡും നിർമിച്ചിരുന്നു.
തേഞ്ഞിപ്പലം മുതൽ പുതുപൊന്നാനി വരെ 20 ഇടങ്ങളിലാണ് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കുന്നത്. കാലിക്കറ്റ് സർവകലാശാല, വെട്ടിച്ചിറ, പൊന്നാനി ജങ്ഷൻ എന്നിവിടങ്ങളിലാണ് മേൽപാലം നിർമ്മിക്കുന്നത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള അടിപ്പാതകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.
കുറ്റിപ്പുറം മുതൽ തൃശൂർ ജില്ലാതിർത്തി വരെയുള്ള ഭാഗങ്ങളിലാണ് അടിപ്പാത നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നത്. ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലങ്ങളിലെ പ്രധാന ഇടറോഡുകൾ വരുന്ന ഭാഗങ്ങളിലാണ് അടിപ്പാതകൾ നിർമിക്കുന്നത്. തവനൂർ അയിങ്കലം, നരിപ്പറമ്പ്, വെളിയങ്കോട്, പുതിയിരുത്തി എന്നിവിടങ്ങളിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
വെളിയങ്കോട്ട് അടിപ്പാതക്ക് പകരം തൂണുകളുപയോഗിച്ചുള്ള പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ടെങ്കിലും അടിപ്പാത നിർമാണം ദ്രുതഗതിയിലാണ്. പൊന്നാനി നഗരം പരിധിയിൽ ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.