തിരുനാവായ: പാടശേഖരത്തിൽ വർഷങ്ങൾക്കു മുമ്പ് സ്വകാര്യ സ്കൂൾ കെട്ടിടം വന്നതോടെ അനുഭവപ്പെട്ട വെള്ളക്കെട്ട് മൂലം കൃഷിയിറക്കാനാവാതെ തരിശായിപ്പോയ നിലങ്ങൾ കൃഷിയോഗ്യമാക്കാൻ തിരുത്തി-സൗത് പല്ലാർ റോഡിൽ പുതിയ കലുങ്ക് യാഥാർഥ്യമാകുന്നു.
തിരുനാവായ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ എട്ട് ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കലുങ്കിന്റെ പണി കഴിഞ്ഞാൽ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും വർഷങ്ങളായി തരിശായിക്കിടന്ന പത്തേക്കറിലധികം വരുന്ന ഭൂമിയിൽ മുണ്ടകൻ, പുഞ്ചകൃഷികൾ ഇറക്കാനുമാകുമെന്നും കർഷകർ പറയുന്നു.
സ്കൂൾ കെട്ടിട നിർമാണത്തിന് പുറമെ മുണ്ടൻ ചിറയിലേക്കു വെള്ളം പോയിരുന്ന തോടുകളുടെ മുഖം നിലം വാങ്ങി നികത്തിയവർ അടച്ചതും ഭാരതപ്പുഴയിലേക്ക് അധികജലം ഒഴിഞ്ഞു പോയിരുന്ന മുള്ളങ്ങത്തോട് നിലം വാങ്ങിയവർ നികത്തിയതും വെള്ളക്കെട്ടിനു കാരണമായെന്ന് കർഷകർ പറയുന്നു.
കർഷകർ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് പഞ്ചായത്ത് ഇപ്പോൾ പുതിയ കലുങ്ക് നിർമാണത്തിന് തയാറായത്. ഇതോടൊപ്പം മുണ്ടൻചിറയിലേക്കുള്ള തോട് കൂടി യാഥാർഥ്യമാക്കിയാലെ പദ്ധതിയുടെ പൂർണ പ്രയോജനം ലഭിക്കുകയുള്ളൂവെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.
പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സായ ചീർപ്പുംകുണ്ടിൽ വർഷകാലത്ത് ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാതെ ശേഖരിച്ചുനിർത്താൻ ഇറിഗേഷൻ വകുപ്പ് നിലവിലെ വി.സി.ബിക്ക് ഫൈബർ ഷട്ടർ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.
ഏഴ് ലക്ഷം രൂപയോളം ചെലവുവരുന്ന ഈ പദ്ധതി യാഥാർഥ്യമായാൽ റെയിൽവെ മേൽപ്പാലത്തിന്റെ ഇരുഭാഗത്തുമായി കിടക്കുന്ന എടക്കുളം പാടശേഖരങ്ങളും കൃഷിയോഗ്യമാക്കാൻ കഴിയും. 25 ലക്ഷം രൂപ ചെലവിൽ ബ്ലോക്ക് പഞ്ചായത്ത് വാലില്ലാപ്പുഴയിൽ നിർമിച്ച വി.സി.ബിയിൽനിന്ന് വെള്ളം ലഭിക്കാത്തതിനാൽ ഇവിടെ ഇപ്പോൾ കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണുളളത്. ചീർപ്പുംകുണ്ടിൽ വെള്ളം നിറച്ചു നിർത്താൻ കഴിഞ്ഞാൽ ഇതൊരു മനോഹര തടാകമാക്കി മാറ്റാനും നീന്തൽ പരിശീലനത്തിനും വിനോദ സഞ്ചാരികളെ ആകർഷിക്കാനും കഴിയുമെന്നും കർഷകരും പ്രകൃതി സ്നേഹികളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.