മേലാറ്റൂർ: റെയിൽവേ സ്റ്റേഷന് സമീപത്തായി നിർമിക്കുന്ന ട്രാക്ഷൻ സബ് സ്റ്റേഷനിലേക്കുള്ള ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ പ്രാഥമിക പ്രവൃത്തികൾ തുടങ്ങി.
നിലമ്പൂർ-ഷൊർണൂർ റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന സബ്സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കാനാണ് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത്.
വലിയ പൈപ്പുകൾ കൂട്ടിയോജിപ്പിക്കുകയും കുഴികൾ കുഴിക്കുകയും ചെയ്യുന്ന പ്രവൃത്തികളുമാണ് നടക്കുന്നത്.
മേലാറ്റൂർ ചോലക്കുളത്തെ 110 കെ.വി സബ് സ്റ്റേഷനിൽനിന്നാണ് രണ്ട് കിലോമീറ്ററോളം ദൂരം പൈപ്പുകൾ സ്ഥാപിച്ച് വൈദ്യുതിയെത്തിക്കുക. ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യം ആരംഭിച്ച സബ് സ്റ്റേഷൻ പ്രവൃത്തി ദ്രുതഗതിയിൽ നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽനിന്ന് മേലാറ്റൂർ-പാണ്ടിക്കാട് റോഡ് വഴി ചോലക്കുളം എടയാറ്റൂർ റോഡ് വരെ സംസ്ഥാനപാതയുടെ ഓരങ്ങളിലൂടെയാണ് കേബിൾ കടന്നുപോകുക.
ഷൊർണൂരിൽനിന്ന് നിലമ്പൂർ വരെ 67 കിലോമീറ്റർ ദൂരത്തിലാണ് പാത നവീകരിക്കുന്നത്. വാണിയമ്പലം, അങ്ങാടിപ്പുറം, വാടാനാംകുർശ്ശി എന്നിവിടങ്ങളിലാണ് വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ ഒരുക്കുന്നത്. അതേസമയം, മേലാറ്റൂർ പ്ലാറ്റ്ഫോം നീളംകൂട്ടുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. 44 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്. നിലവിൽ 12 ബോഗികളിൽനിന്ന് കയറിയിറങ്ങാൻ മാത്രമാണ് യാത്രക്കാർക്ക് സൗകര്യമുണ്ടായിരുന്നുള്ളൂവെങ്കിൽ ഇനി 16 ബോഗികൾക്ക് പ്ലാറ്റ്ഫോം ഉണ്ടാകും. 114 മീറ്റർ നീളത്തിലും അഞ്ചര മീറ്റർ വീതിയിലും സ്റ്റേഷന്റെ വടക്കു ഭാഗത്താണ് പ്ലാറ്റ്ഫോം നിർമാണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.