പെരിന്തൽമണ്ണ: നിരവധി രോഗികൾക്ക് ആശ്രയമാകുമായിരുന്ന പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിൽ മെഷിനുകൾ എത്തിയെങ്കിലും കെട്ടിടത്തിെൻറ സിവിൽ വർക്കുകളോ വൈദ്യുതീകരണ പ്രവർത്തികളോ പൂർത്തിയായിട്ടില്ല. ഡയാലിസിസ് മെഷിനുകളും അനുബന്ധ സാമഗ്രികളും ഇവിടെ കൊണ്ടുവന്ന് ഇറക്കിയിട്ടുണ്ടെങ്കിലും ആശുപത്രി അധികൃതർക്ക് കൈമാറിയിട്ടില്ല. സിവിൽ വർക്ക് കെ.എച്ച്.ആർ.ഡബ്ല്യു.എസ് ആണ് ചെയ്യുന്നത്. ഇതുകഴിഞ്ഞ് കെ.എം.സി.എല്ലിെൻറ ഇലക്ട്രിക്ക് ജോലികളുമുണ്ട്.
മെഷിനുകൾ ഫിറ്റു ചെയ്യുക കെ.എം.സി.എല്ലാണ്. നിർമാണം തുടങ്ങാനായി സ്ഥലം കൈമാറിയത് പണി തീർത്ത് തിരികെ നൽകിയിട്ടില്ല.സിവിൽ വർക്കുകൾ പൂർത്തിയാക്കി പിന്നീട് വൈദ്യുതീകരണം നടത്തി മെഷീനുകൾ സ്ഥാപിക്കാൻ ഏറെ സാവകാശമെടുക്കും. 2.2 കോടി രൂപയാണ് ഇടത് സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് അനുവദിച്ചത്. കൊണ്ടുവന്ന് ഇറക്കിയ മെഷിനുകൾ കൈമാറി കിട്ടിയിട്ടില്ലാത്തതിനാൽ എത്ര മെഷിനുകൾ ഇതിലുണ്ടെന്ന് ഒൗദ്യോഗികമായി വിവരമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഏഴു മെഷീനുകളാണിവിടെ സ്ഥാപിക്കുന്നതെന്നാണറിവ്.
20 രോഗികളെ പ്രതിദിനം ഡയാലിസിസ് ചെയ്യാൻ സൗകര്യമുണ്ടാവും. പെരിന്തൽമണ്ണ താലൂക്കിലെ ഡയാലിസിസ് രോഗികൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പെയിൻ ആൻഡ് പാലിയേറ്റിവ് യൂനിറ്റുകളും സന്നദ്ധ, ജീവകാരുണ്യ പ്രവർത്തകരുമാണ് മിക്കവർക്കും ആശ്രയം. വൃക്കരോഗികൾക്കും കാൻസർ രോഗികൾക്കും വേണ്ടത്ര ചികിത്സ സൗകര്യമില്ലാത്തതായിരുന്നു ആശുപത്രിയിലെ ഒരു പോരായ്മ. ഇതിൽ കാൻസർ വാർഡിൽ 10 കിടക്കകളൊരുക്കി കീമോ തെറാപ്പി ചെയ്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.