തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവുന്നു. പരപ്പനങ്ങാടി സബ് സ്റ്റേഷനിൽനിന്ന് തിരൂരങ്ങാടിക്ക് ഒരു ഫീഡർ കൂടി ലഭ്യമാവുന്നതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
പരപ്പനങ്ങാടി സബ് സ്റ്റേഷനിൽനിന്ന് എ.ബി.സി കേബിൾ വഴിയാണ് ചെമ്മാട്ടേക്ക് ഒരു ഫീഡർ കൂടി ലൈൻ വലിക്കുന്നത്. ഇതോടെ തിരൂരങ്ങാടി സെക്ഷന് കീഴിലെ എല്ലാ മേഖലകളിലേക്കും നല്ല രീതിയിൽ വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. പഴയ കാലുകൾ ഒഴിവാക്കി പുതിയത് സ്ഥാപിച്ച് കേബിൾ വലിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
എടരിക്കോട് സബ് സ്റ്റേഷനിൽനിന്ന് മൂന്ന് ഫീഡറുകൾ വഴിയാണ് കെ.എസ്.ഇ.ബി തിരൂരങ്ങാടി സെക്ഷന് കീഴിലെ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇതിനിടെ വെന്നിയൂർ സെക്ഷൻ കൂടി നിലവിലുള്ളതിനാൽ നൂറിലേറെ ട്രാൻസ്ഫോർമറുകൾ കഴിഞ്ഞാണ് തിരൂരങ്ങാടിയിലേക്ക് വൈദ്യുതി എത്തുന്നത്. ഇതിനാൽ തിരൂരങ്ങാടി മേഖലയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്.
അഞ്ചുവർഷം മുമ്പ് പരപ്പനങ്ങാടിയിൽ സബ് സ്റ്റേഷൻ നിലവിൽ വന്നപ്പോൾ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഒരു ഫീഡർ മാത്രമാണ് തിരൂരങ്ങാടി സെക്ഷന് ലഭിച്ചത്. ഇതിൽനിന്ന് ചെമ്മാട് ടൗൺ, കൊടിഞ്ഞി, തിരുത്തി ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. പരപ്പനങ്ങാടി സബ് സ്റ്റേഷനിൽനിന്ന് ചെമ്മാട് ഫീഡറിൽ അറുപതിനടുത്ത് ട്രാൻസ്ഫോമറുകളുണ്ട്. ഇതിൽ പത്ത് ട്രാൻസ്ഫോർമറുകളും പരപ്പനങ്ങാടി സെക്ഷന് കീഴിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.