മലപ്പുറം: വയോജന പോഷകാഹാര കിറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ നിർദേശം വന്നതോടെ, നിലവിലെ അപേക്ഷകരുടെ എണ്ണം കുറക്കേണ്ടി വരുമോ എന്ന ആശങ്കയിൽ മലപ്പുറം നഗരസഭ. 2021-22 വർഷത്തിൽ നൂതന പദ്ധതിയായി ആവിഷ്കരിച്ച് നഗരസഭ നടപ്പാക്കിയ പദ്ധതിയാണിത്. സാമ്പത്തിക സാഹചര്യം നോക്കാതെ നഗരസഭ 40 വാർഡുകളിലെയും 60 വയസ്സ് കഴിഞ്ഞ മുഴുവൻ വയോജനങ്ങൾക്കും ഗുണം ലഭിക്കുന്ന പദ്ധതിയായിട്ടാണ് നടപ്പാക്കിയത്. 37 ലക്ഷം വകയിരുത്തിയ പദ്ധതിയിൽ 5400ലധികം അപേക്ഷകർക്കാണ് കിറ്റ് വിതരണം ചെയ്തത്.
പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തവണ കൂടുതൽ പേരിലേക്ക് പദ്ധതിയെത്തിക്കണമെന്ന ലക്ഷ്യവുമായി 2022-23ൽ 55 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് തലങ്ങളിൽനിന്ന് കൗൺസിലർമാർ വഴി മുഴുവൻ വയോജനങ്ങളിൽനിന്നും പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ചു. ഇതുവരെ ഏകദേശം 8900 അപേക്ഷകളാണ് വാർഡ് തലങ്ങളിൽനിന്ന് ലഭിച്ചത്.
എന്നാൽ, പദ്ധതിയിൽ വ്യക്തത കുറവുണ്ടെന്ന് കാണിച്ച് നഗരസഭ ഐ.സി.ഡി.എസ് ഓഫിസർ ജില്ല കലക്ടർക്ക് കത്തെഴുതിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കത്ത് പരിശോധിച്ച ജില്ല ഭരണകൂടം, ബി.പി.എൽ കുടുംബങ്ങൾക്കോ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവുള്ള കുടുംബങ്ങൾക്കോ നൽകിയാൽ മതിയെന്ന് നിർദേശം നൽകി. ഇതോടെ പദ്ധതി നടത്തിപ്പിൽ അനിശ്ചിതത്വമുണ്ടായി.
നിലവിൽ ബി.പി.എൽ കുടുംബങ്ങളല്ലാത്തവരോട് വരുമാന സർട്ടിഫിക്കറ്റ് ഹാജരാകാൻ നിർദേശിച്ചിരിക്കുകയാണ്. മാർച്ച് പകുതിക്കകം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അപേക്ഷകരെ അധികൃതർക്ക് ഒഴിവാക്കേണ്ടി വരും. എല്ലാ വയോജനങ്ങൾക്കും കിറ്റുണ്ടെന്ന് അറിയിച്ചിരുന്ന അധികൃതർക്ക് പുതിയ നിർദേശം തിരിച്ചടിയാണ്.
ഇക്കാര്യത്തിൽ അപേക്ഷകരോട് എന്ത് മറുപടി പറയുമെന്ന കാര്യത്തിൽ വാർഡ് കൗൺസിലർമാർ ആശയക്കുഴപ്പത്തിലായി. വിഷയത്തിൽ വ്യക്തത വരുത്താൻ ജില്ല ഭരണകൂടത്തെ സമീപിക്കാനാണ് നഗരസഭയുടെ തീരുമാനം. വകയിരുത്തിയ പദ്ധതി തുക ഈ സാമ്പത്തിക വർഷം പൂർണമായി ചെലവാക്കാനായില്ലെങ്കിൽ മറ്റു പദ്ധതിയിലേക്ക് മാറ്റേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.