പൂക്കാട്ടിരി: വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിനോട് ചേർന്ന് എടയൂർ കൃഷിഭവന് സമീപത്തെ നമസ്കാര പള്ളി ഒരുകാലത്ത് കർഷകരുടെയും വഴിയാത്രക്കാരുടെയും ആശ്വാസ കേന്ദ്രമായിരുന്നു. മഴക്കാലങ്ങളിൽ നിറഞ്ഞൊഴുകുന്ന തോടിനരികിൽ വയലുകൾക്ക് നടുവിൽ പ്രൗഢിയോടെ നിൽക്കുന്ന പള്ളി കണ്ണിനും മനസ്സിനും കുളിർമ നൽകുന്നതാണ്. കർഷകർ മാത്രമല്ല, വർഷങ്ങൾക്ക് മുമ്പ് തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോയവർ വിശ്രമിക്കാനും ആരാധനക്കും ഈ പള്ളി ഉപയോഗിച്ചിരുന്നു.
പ്രശസ്ത വിഷവൈദ്യനും പൗര പ്രമുഖനുമായിരുന്ന പൂക്കാട്ടിരി വലിയപറമ്പിൽ (ആൽപ്പറ്റ) അഹമ്മദ് കുട്ടി 1904 ഏപ്രിൽ 29ന് വെള്ളിയാഴ്ചയാണ് പള്ളി നിർമിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം മകനും വിഷവൈദ്യനുമായ വലിയപറമ്പിൽ സൈതാലിയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് പണ്ഡിതനും പാരമ്പര്യ വൈദ്യനും വിഷചികിത്സയിൽ വിദഗ്ധനുമായിരുന്ന ഹാഫിള് ഹസ്സൻ മുസ്ലിയാരായിരുന്നു വർഷങ്ങളോളം സ്രാമ്പിയുടെ നിയന്ത്രണവും പരിപാലനവും നടത്തിയത്. ഇപ്പോൾ പൂക്കാട്ടിരി മഹല്ല് കമ്മിറ്റിയാണ് പരിപാലനം. കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ തോട്ടിലൂടെയുള്ള കുത്തൊഴുക്കിലും കേടുപാടുകൾ സംഭവിക്കാതെ പള്ളി അതിജീവിച്ചു.
മേൽക്കൂരയിൽ ഉൾപ്പെടെ മരങ്ങൾ ജീർണിച്ചതിനെ തുടർന്ന് അടുത്തകാലത്താണ് പുനരുദ്ധാരണം നടത്തിയത്. ആൽപ്പറ്റ തറവാട്ടിലെ നിലവിലുള്ള അംഗങ്ങളും മഹല്ല് കമ്മിറ്റിയും നാട്ടുകാരും ചേർന്നാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദാരുശിൽപങ്ങളും, പുഷ്പഫല രൂപങ്ങളും കൊത്തുപണികളുമായി പൈതൃകം നഷ്ടപ്പെടാതെയാണ് പണി പൂർത്തീകരിച്ചത്. പൂക്കാട്ടിരി മഹല്ല് കമ്മിറ്റി പ്രസിഡന്റ് കലമ്പൻ മുഹമ്മദ് എന്ന ബാവ, സെക്രട്ടറി വലിയപറമ്പിൽ (ചോലയിൽ) അഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ, ട്രഷറർ വലിയപറമ്പിൽ (ആൽപ്പറ്റ) മുഹമ്മദ് സലിം എന്നിവർ പള്ളി നിർമാണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.